ചെങ്ങന്നൂര്‍: പ്രളയത്തില്‍ ഒറ്റപ്പെട്ടവര്‍ക്കായുള്ള രക്ഷാദൗത്യം പുരോഗമിക്കുമ്പോള്‍ ഹെലികോപ്റ്ററില്‍ കയറാനും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാനും ചിലര്‍ മടികാട്ടുന്നത് രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന സൈനികരെ വിഷമിപ്പിക്കുന്നു.
എഴുപതിലധികം പേരെ ഉള്‍ക്കൊള്ളാവുന്ന ഹെലികോപ്റ്ററുമായി എത്തുമ്പോള്‍ ഭക്ഷണവും വെള്ളവും നല്കി പൊയ്ക്കൊള്ളാനും വെള്ളം ഉടന്‍ ഇറങ്ങുമെന്നും പറഞ്ഞ് വ്യോമസേനയിലെ രക്ഷാപ്രവര്‍ത്തനത്തിനായി പരിശീലനം കിട്ടിയ വിദഗ്ദ്ധരോട് പറയുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
ചെങ്ങന്നൂര്‍ മേഖലകളിലാണ് സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്. എന്നാല്‍ നാട്ടുകാരുടെ ഈ വിമുഖത തിരിച്ചടിയാണ്. പ്രത്യേക ദൗത്യം ലക്ഷ്യമിട്ടുള്ള എംഐ ഹലികോപ്റ്റര്‍ ആള്‍ക്കാരെ കാണുന്ന പ്രദേശത്ത് നിര്‍ത്തി താഴേയ്ക്ക് ഊര്‍ന്നിറങ്ങാനും ആള്‍ക്കാരുമായി മുകളിലേക്ക് കയറാനും പ്രത്യേകം പരിശീലനം സിദ്ധിച്ചവരാണ് ഇത്തരം രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നത്.
എന്നാല്‍ പറന്നുപോകുമ്പോള്‍ ഒറ്റപ്പെട്ടവരെ കാണുമ്പോള്‍ അവിടെ ഹെലികോപ്റ്റര്‍ നിര്‍ത്തി താഴേയ്ക്ക് ഭക്ഷണവും വെള്ളവും ആദ്യം നല്‍കും. തുടര്‍ന്ന് ഇവരെ രക്ഷിക്കാനൊരുങ്ങുമ്പോള്‍ ആള്ക്കാര് വിസമ്മതിക്കുന്നതാണ് പ്രതിസന്ധിയെന്ന് രക്ഷാപ്രവര്‍ത്തകരായ സൈനികര്‍ പറയുന്നു.
തങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മാത്രം നല്കിയാല് മതിയെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മഴകുറയുമെന്നും പറഞ്ഞാണ് പലരും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നത്. നാലാം ദിവസം വെറും നാലുപേര്‍ മാത്രമാണ് ഹെലികോപ്റ്ററില്‍ കയറാന്‍ തയ്യാറായതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.ഭയം നിമിത്തമാണ് പലരും ഹെലികോപ്റ്ററില്‍ കയറാന്‍ വിസമ്മതിക്കുന്നതെന്നാണ് സൈനികര്‍ പറയുന്നത്.
എന്നാല്‍ തങ്ങള്‍ പരിശീലനം കിട്ടിയവരാണെന്നും ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നെത്തി പ്രതികൂല കാലവസ്ഥയിലും ചെങ്ങന്നൂര്‍ പത്തനംതിട്ട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്ന തങ്ങളുടെ പ്രയത്നത്തെ ദയവായി മാനിക്കണമെന്ന് ഇവര്‍ പറയുന്നു. മനുഷ്യ പ്രയത്നത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വലിയ നഷ്ടമാണ് ഇത് മൂലം ഉണ്ടാവുന്നത്. ചെങ്ങന്നൂര്‍ എംഎല്‍എ ആളുകളെ രക്ഷിക്കണമെന്ന് മാധ്യമങ്ങളിലൂടെ വിലപിക്കുന്നു, പ്രതിപക്ഷ നേതാവും ഇത് തന്നെ ചെയ്യുന്നു.
ദുരിതബാധിത മേഖലകളില്‍ ഉള്ളവര്‍ ഇവര്‍ പറയുന്നതെങ്കിലും കേള്‍ക്കണം ഉദ്യോഗസ്ഥന് സന്ദേശത്തില്‍ പറയുന്നു. അതിനിടയില്‍ കോളേജില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ തടയുന്ന അനുഭവം ഉണ്ടായതായും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. നാട്ടുകാരെ രക്ഷിച്ചിട്ട് മതി മറ്റുള്ളവരെ എന്നായിരുന്നു നിലപാട്.
എന്നാല്‍ തങ്ങള്‍ ആദ്യം കാണുന്നവരെ മുന്‍ഗണനാ ക്രമത്തില്‍ രക്ഷപ്പെടുത്തുകയാണ് പതിവ്. കൂടുതല്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ എത്താന്‍ ഹെലികോപ്റ്ററുകള്‍ കൂടുതല്‍ സജ്ജമാണെന്നും പറയുന്നസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുമെന്നും തടസ്സപ്പെടുത്തരുതെന്നുമാണ് ഇവര്‍ പറയുന്നത്.
അതുപോലെ തന്നെ ഒറ്റപ്പെട്ടവര്‍ ടോര്‍ച്ച തെളിച്ചു കാണിക്കണമെന്നും മെഴുകുതിരി കത്തിച്ചു കാണിക്കണമെന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ഇവര്‍ പറയുന്നുണ്ട്.