കണ്ണൂർ: കണ്ണൂരിലേക്ക് കടത്തുകയായിരുന്ന 40 കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ യുവാക്കളും യുവതിയും തൃശൂർ സ്വദേശിനിയും ആന്ധ്രയിൽ അറസ്റ്റിൽ.
കണ്ണൂർ കക്കാട് സ്വദേശി നിയാസുദ്ദീൻ എന്ന മസിൽ നിയാസ് (38), അഴീക്കോട് തീപ്പെട്ടി കമ്പനിക്കടുത്തുള്ള സുനോജ് സുമേഷ് (22), മാട്ടൂൽ സ്വദേശിനിയും ഇപ്പോൾ അഴീക്കോട് വാടകക്ക് താമസിക്കുന്ന സിന്ധു (35), തൃശൂർ സ്വദേശിനി സൗഭാഗ്യ (25) എന്നിവരാണ് ആന്ധ്ര വിശാഖപട്ടണം എക്സൈസ് പോലീസിന്റെ പിടിയിലായത്. അറസ്റ്റിലായ നിയാസുദ്ദീന് കണ്ണൂർ ഒട്ടേറെ കേസുകൾ നിലവിലുണ്ട്.
കണ്ണൂരിലേക്ക് വ്യാപകമായി നിയാസുദ്ദീനും കൂട്ടാളികളും കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കണ്ണൂർ എസ്പിയുടെ സ്ക്വാഡ്, ഷാഡോ ടീം, ടൗൺ സിഐ രത്നകുമാർ, ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിൽ ഒരാഴ്ചയായി കണ്ണൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരച്ചിൽ നടത്തി വരികയായിരുന്നു.
തുടർന്ന് പ്രതികൾ ആന്ധ്രയിലെ വിശാഖപട്ടണത്തിൽ ഉള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് കണ്ണൂർ ഡിവൈസ് പി.പി. സദാനന്ദൻ ആന്ധ്ര ഇന്റലിജൻസ് വിഭാഗത്തെ വിവരങ്ങൾ അറിയിക്കുകയായിരുന്നു.
വിശാഖപട്ടണം എക്സൈസ് പോലീസ് സർക്കിൾ-3 ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ പ്രതികൾ വലയിലാവുകയായിരുന്നു. വിശാഖപട്ടണം എക്സൈസ് സർക്കിൾ പോലീസ് പ്രതികളെ മെട്രോപൊളിറ്റിൻ സെഷൻസ് കോടതി വിശാഖപട്ടണത്തിൽ ഹാജരാക്കി വിശാഖപട്ടണം സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.
കണ്ണൂർ റെയിൽവെ സ്റ്റേഷൻ, പഴയ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ പല കവർച്ചാ കേസിലും പ്രതിയാണ് നിയാസുദ്ദീൻ. ആന്ധ്രയിൽ നിന്നും രക്ഷപ്പെട്ട നിയാസുദ്ദീന്റെ കൂട്ടാളി നവാസിനായി കണ്ണൂർ ടൗൺ പോലീസ് വലവിരിച്ചിട്ടുണ്ട്. ജില്ലയിൽ കഞ്ചാവ് വിതരണ ശൃംഖലയിലെ മുഖ്യകണ്ണിയാണ് കണ്ണൂർ പോലീസിന്റെ ഇടപെടലിലൂടെ ആന്ധ്രയിൽ പിടിയിലായത്.