പത്തനംതിട്ട: കനത്ത മഴയെ തുടർന്നു ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ കക്കി അണക്കെട്ടിന്റെ ഭാഗമായ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. മൂന്ന് ഷട്ടറുകളാണ് വീണ്ടും ഉയർത്തിയത്. പമ്പാ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.
ഇന്ന് രാവിലെ വരെ ആനത്തോട് അണക്കെട്ടിൽനിന്നും 6.8 ലക്ഷം ലിറ്റർ വെള്ളമാണ് സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കിയിരുന്നത്. പിന്നീട് ഇത് 2.81 ലക്ഷം ലിറ്ററായി കുറച്ചിരുന്നു. ഇതോടെ വീണ്ടും അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇതിനു പിന്നാലെയാണ് ഷട്ടറുകൾ വീണ്ടും ഉയർത്തിയത്.