പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തെ രക്ഷിക്കാൻ എല്ലാവരും കൈകോർക്കുകയെന്ന ആഹ്വാനവുമായി നടൻ മോഹൻലാൽ. “പ്രളയദുരന്തം നമ്മുടെ നാടിനെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. സ്വത്തിനും ജീവനും കനത്ത നാശം വിതച്ച് പ്രകൃതി കലിതുള്ളുന്ന അവസ്ഥ.
ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. അക്ഷരാർത്ഥത്തിൽ സങ്കടക്കടലായി നമ്മുടെ കേരളം. നമ്മുടെ സംസ്ഥാനത്തെ പ്രളയ വ്യാധിയിൽ നിന്നും കരകയറ്റാൻ നമുക്ക് കൈ കോർക്കാം’ എന്ന് അദ്ദേഹം ഫേസ്ബുക്ക് പേജിൽ കൂടിയാണ് ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദ്ദേഹം ഇരുപത്തിയഞ്ച് ലക്ഷം രൂപ കൈമാറിയിരുന്നു. കൂടാതെ താര സംഘടനയായ അമ്മ രണ്ടു ഘട്ടങ്ങളായി അമ്പത് ലക്ഷം രൂപയും കൈമാറിയിരുന്നു. മമ്മൂട്ടിയും ദുൽഖർ സൽമാനും ഇരുപത്തിയഞ്ച് ലക്ഷം രൂപ സംസ്ഥാനത്തിന്റെ സഹായത്തിനായി കൈമാറിയിരുന്നു. കൂടാതെ തമിഴ്, ഹിന്ദി താരങ്ങളും സഹായഹസ്തവുമായി രംഗത്തുണ്ട്.