മഴക്കെടുതിമൂലം ഒറ്റപ്പെട്ടുപോയ ഒരു പ്രദേശത്തു ഭക്ഷണമെത്തിക്കാൻ 11 കെവി ലൈൻ അഴിച്ചു മാറ്റി റോപ് വേ തീർത്തു. റോപ് വേയിലൂടെ ഭക്ഷണം അക്കരെയെത്തിച്ചു വിതരണം ചെയ്തു. കണമല പമ്പാവാലി അറയാഞ്ഞിലിമണ്ണിൽ ഒറ്റപ്പെട്ടു പോയ നാനൂറ്റന്പതോളം പേർക്ക് ഭക്ഷണമെത്തിക്കാനായിരുന്നു ഈ സാഹസിക പ്രവർത്തനം.
ചൊവ്വാഴ്ച രാത്രിയിലാണ് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഇവരുടെ ഏക മാർഗമായ അറയാഞ്ഞിലിമണ്ണ് കോസ്വേ വെള്ളത്തിൽ മുങ്ങിയത്. അറയാഞ്ഞിലിമണ്ണ് പ്രദേശം പത്തനംതിട്ട, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണു സ്ഥിതി ചെയ്യുന്നത്. ഇതോടെ ഇവർ ഭക്ഷണത്തിനു പോലും വിഷമിച്ചു. ഇതിനിടെയാണ് ആന്റണി കുന്നത്ത്, വി.എൻ. സുധാകരൻ എന്നിവർ പുതിയൊരാശയം മുന്നോട്ടുവച്ചത്.
പന്പാനദിക്കു കുറുകെ കടന്നുപോകുന്ന 11 കെവി ലൈൻ അഴിച്ചുമാറ്റി പകരം ഇതിൽ വടംകെട്ടി പരസ്പരം ബന്ധിപ്പിച്ചു. തുടർന്ന് കപ്പികൾ സ്ഥാപിച്ചു. ഇതിൽ തടിപ്പെട്ടികൾ കൊളുത്തി ഭക്ഷണം മറുകരയിലേക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു.
സാഹസികമായാണ് ഭക്ഷണം ഇതിലൂടെ അയച്ചതും അക്കരെ ജനങ്ങൾ ഇത് ഏറ്റുവാങ്ങിയതും. ടിപ്പർ ലോറിയുടെ പ്ലാറ്റ് ഫോം മുകളിലേക്ക് ഉയർത്തി അതിൽ കയറിനിന്നാണ് ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങിയത്. ഇതുവഴിയാണ് ഇപ്പോൾ ഭക്ഷണം കൈമാറിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ, അറയാഞ്ഞിലിമണ്ണ് പള്ളി വികാരി ഫാ. റോബിൻ പേണ്ടാനത്തും നാട്ടുകാരും കൂടിയാലോചിച്ച് കണമലയുമായി ബന്ധപ്പെടാൻ പുതിയ വഴി വെട്ടിത്തുറക്കാൻ തീരുമാനിച്ചു.
കണമലയിലേക്കു വനത്തിലൂടെയാണു പുതിയ വഴി നിർമിക്കുന്നത്. വല്ലത്തു തോടിനു കുറുകെ മുള ഉപയോഗിച്ചു ചങ്ങാടപ്പാലവും നിർമിച്ചുകഴിഞ്ഞു. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താലേ വഴി പൂർത്തിയാകൂ. നാലര കിലോമീറ്ററോളം വഴി നിർമിച്ചാൽ മാത്രമേ കണമലയിലെത്താനാവൂ.