ദുരിതമഴയിൽ കേരളം കണ്ണീരിൽ നിറയുമ്പോൾ കൈത്താങ്ങായി അന്യസംസ്ഥാന തൊഴിലാളികളും. കണ്ണൂരിലെ കൊട്ടിയൂരിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് ഒരു കൈ സഹായവുമായി അന്യസംസ്ഥാന തൊഴിലാളികൾ എത്തിയത്. കേളകം നോവ ഹോട്ടലിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് ദുരിതാശ്വാസ ക്യമ്പിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുവാനെത്തിയത്.
ഒരു സംഘടന വിതരണം ചെയ്ത ഭക്ഷണം ഇവിടെ നൽകുവാൻ എത്തിയപ്പോഴാണ് ജനങ്ങൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ട് ഇവർക്ക് മനസിലായത്. പിന്നീട് ഇവിടുള്ളവർക്ക് ഭക്ഷണം സ്പോണ്സർ ചെയ്യുവാൻ തങ്ങൾ സന്നദ്ധരാണെന്ന് ഇവർ അറിയിക്കുകയായിരുന്നു. രണ്ടു ദിവസത്തെ ശമ്പളമാണ് ഇവർ ഇതിനു വേണ്ടി മാറ്റി വച്ചത്. പതിമൂന്ന് അംഗങ്ങളുള്ള ഇവർ 250 ഓളം ആളുകൾക്കുള്ള ഭക്ഷണം നൽകാമെന്നാണ് ഏറ്റിരിക്കുന്നത്.
നിങ്ങൾ നൽകുന്ന കാശുകൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്.നിങ്ങൾക്കൊരു പ്രശ്നമുണ്ടാകുമ്പോൾ ഞങ്ങൾ കൂടെയുണ്ടാകണ്ടെയെന്ന് അവർ ചോദിക്കുന്നു. ഇതിനു മുമ്പ് കണ്ണൂരിലെ ഇരിട്ടിയിൽ കമ്പിളി പുതപ്പ് വിൽക്കുവാനെത്തിയ മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു തന്റെ കൈവശമുണ്ടായിരുന്ന കമ്പിളി പുതപ്പുകൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് കൈമാറിയിരുന്നു.