തൃശൂർ: കേരളത്തിൽ മഴക്കെടുതി മൂലം ജീവിക്കാൻ പറ്റാതായതോടെ കിട്ടിയ വാഹനത്തിൽ കയറി അന്യസംസ്ഥാന തൊഴിലാളികൾ സ്ഥലം വിടുന്നു. മഴ കുറഞ്ഞതോടെ തൃശൂരിൽനിന്ന് കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിച്ചതറിഞ്ഞ് കൂട്ടത്തോടെയാണ് ബിഹാർ, ബംഗാൾ, ഒഡിഷ, തമിഴ്നാട് സ്വദേശികൾ സ്റ്റാൻഡിലെത്തിയത്.
ട്രെയിനുകൾ ഓടാത്തതുമൂലം പാലക്കാട് വഴി കോയന്പത്തൂർ ഭാഗത്തേക്കു പോയി അവിടെനിന്നു ട്രെയിൻ കയറി നാട്ടിലെത്താനാണ് പലരുടെയും നെട്ടോട്ടം.
മഴമൂലം ഇവർ താമസിക്കുന്ന കൊച്ചുമുറികളിലും വെള്ളം കയറിയതോടെ കിട്ടിയ സാധനങ്ങളുമായാണ് പലരും നാടുവിടുന്നത്. കൂടാതെ ഭക്ഷണം കിട്ടാനും പ്രയാസം നേരിട്ടു തുടങ്ങിയതോടെ കൂട്ടമായാണ് ഇവർ സ്വന്തം നാടുകളിലേക്ക് പോകുന്നത്.
കുതിരാനിലെ മണ്ണിടിച്ചിൽ മൂലം നിയന്ത്രണവിധേയമായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. പാലക്കാട്ടേക്കു കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. സ്വകാര്യ ബസുകളൊന്നും സർവീസ് നടത്തുന്നില്ല. പാലക്കാട്ടേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കാലുകുത്താൻ പോലും ഇടമില്ലാതെയാണ് ആളുകൾ കയറുന്നത്. കുറച്ചു സർവീസുകൾ മാത്രമേ പാലക്കാട്ടേക്കു പോകുന്നുള്ളൂ.
എറണാകുളത്തേക്കും സർവീസുകൾ ഇന്നലെ വൈകീട്ടു വരെ ആരംഭിച്ചിരുന്നില്ല. ചാലക്കുടി ഭാഗത്തു വെള്ളം ഇറങ്ങിയതിനാൽ അങ്കമാലിവരെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്.
ബസുകൾ സർവീസ് ആരംഭിച്ചതോടെ കൂട്ടത്തോടെയാണ് യാത്രക്കാർ സ്റ്റാൻഡിലെത്തുന്നത്. കണ്ണൂർ, കോഴിക്കോട്, സുൽത്താൻ ബത്തേരി ഭാഗത്തേക്കുള്ള സർവീസുകളും ഇന്നലെ ആരംഭിച്ചിട്ടുണ്ട്. വഴിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സർവീസ് നിർത്തേണ്ടിവരുമെന്ന മുന്നറിയിപ്പോടെയാണ് യാത്ര തുടരുന്നത്.