നേമം : വെള്ളായണി ദുരിതാശ്വാസ ക്യാന്പിലെ ദുരിതങ്ങളറിയാൻ ഇന്നലെ വൈകുന്നേരം നാലോടുകൂടി സുരേഷ്ഗോപി എംപി എത്തി. കല്ലിയൂർ പഞ്ചായത്തിലെ വെള്ളായണിയിലെ എംഎൻ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പാണ് എംപി സന്ദർശിച്ചത്.
വെള്ളായണി ആറാട്ടുകടവ് ഭാഗത്തേയും കായലിന്റെ തീരമായ മുകളൂർമൂല , ശിവോദയം റോഡ് പ്രദേശത്തേയുമുള്ള എഴുപത്തി രണ്ട് പേരാണ് ക്യാന്പിലുള്ളത്. പുഞ്ചക്കരി മധുപാലത്തിലെ മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നതുസംബന്ധിച്ച് ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരുമായി സുരേഷ്ഗോപി സംസാരിച്ചു.
ഞായറാഴ്ച തന്നെ ആലപ്പുഴയിൽ നിന്നും ആളെത്തി മോട്ടോറുകളുടെ തകരാറ് പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. മധുപ്പാലത്ത് മോട്ടോർ ഉപയോഗിച്ച് വെള്ളം അടിച്ചുകളയാൻ കഴിയാത്ത സാഹചര്യത്തിലാണ് വെള്ളംപൊക്കം ഉണ്ടാകുന്നതെന്നാണ് പരാതി.
ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി, നേമം ബ്ലോക്ക് അംഗം വിനുകുമാർ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്ർമാൻ കല്ലിയൂർ പദ്മകുമാർ, വെസ് പ്രസിഡന്റ് എസ്.കുമാർ തുടങ്ങിയവരും സുരേഷ് ഗോപിയ്ക്കൊപ്പമുണ്ടായിരുന്നു.
ദുരിതാശ്വാസ ക്യാന്പിലേയ്ക്ക് പാപ്പനംകോട് ശ്രീ ചിത്തിരതിരുനാൾ എൻജിനിയറിങ് കോളജിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും സമാഹരിച്ച അരി ഉൾപ്പടെയുള്ള സാധനങ്ങൾ കോളജ് ബസിലും മറ്റ് വാഹനങ്ങളിലുമായി അടൂരിലേയും ആലപ്പുഴയിലേയും ദുരിതാശ്വാസ ക്യാന്പുകളിലേയ്ക്ക് നേരിട്ടെത്തിച്ചു.
കല്ലിയൂർ പുന്നമൂട് ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ ദുരിതാശ്വാസ ക്യാന്പിലെത്തി അവശ്യസാധനങ്ങൾ വിതരണം ചെയ്തു.