ദുരിതാശ്വാസ ക്യാംപുകളിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ച അരിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഹാള്‍ തരില്ലെന്ന് പറഞ്ഞ ബാര്‍ അസോസിയേഷന് നിലപാടിനെതിരെ കര്‍ശന നടപടിയെടുത്ത് തൃശൂര്‍ കളക്ടര്‍ ടി.വി അനുപമ ഐ.എ.എസ്. പലതവണ ആവശ്യപ്പെട്ടിട്ടും ഹാള്‍ തുറക്കാന്‍ തയാറാവാതിരുന്നപ്പോള്‍ കളക്ടറുടെ ഉത്തരവുപ്രകാരം ഹാളിന്റെ പൂട്ടു പൊളിച്ച് സാധനങ്ങള്‍ സൂക്ഷിക്കുകയായിരുന്നു.
വസ്തുക്കള്‍ സൂക്ഷിക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടിട്ടും ബാര്‍ അസോസിയേഷന് ഹാള്‍ തുറന്നുകൊടുക്കാന്‍ വിസമ്മതിച്ചപ്പോഴാണ് കളക്ടര്‍ പൂട്ടു പൊളിക്കാന്‍ ഉത്തരവിട്ടത്. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം നോട്ടിസ് നല്‍കിയശേഷമാണു പൂട്ടു പൊളിച്ചത്. അരിയും മറ്റും സൂക്ഷിച്ചശേഷം കളക്ടര്‍ വേറെ താഴിട്ടുപൂട്ടുകയും ചെയ്തു.
ദുരന്തത്തില്‍ അകപ്പെട്ടവരുടെ രക്ഷയ്ക്കായി നാടു മുഴുവന്‍ ഊണും ഉറക്കവുമില്ലാതെ കൈമെയ് ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴാണ് അഭിഭാഷകരുടെ സംഘടനയായ ബാര്‍ അസോസിയേഷന് ഈ നിഷേധ നിലപാട് സ്വീകരിച്ചതെന്നത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം നിര്‍ണായക സമയത്ത് ആരെയും കൂസാതെ പൊതുജനക്ഷേമത്തിനുവേണ്ട നടപടിയെടുത്ത കളക്ടര്‍ക്ക് അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
താക്കോല്‍ ലഭ്യമാകാതെ വന്നപ്പോഴാണ് ഹാള്‍ ഏറ്റെടുത്തതെന്നും നോട്ടിസ് നല്കിയ ശേഷം ബാര്‍ അസോസിയേഷന് ഹാള്‍ വിട്ടുനല്‍കാന്‍ തയാറായെന്നും കളക്ടര്‍ ടി.വി.അനുപമ പിന്നീട് അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ താന്‍ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ താക്കോല്‍ ലഭ്യമാകാതിരുന്നതിനാലാണ് ഹാള്‍ തുറന്നുകൊടുക്കാത്തതെന്നും നോട്ടിസ് ലഭിച്ചിട്ടില്ലെന്നും, ഔദ്യോഗികമായി അറിയിച്ചപ്പോള്‍ ഹാള്‍ തുറന്നുകൊടുത്തിട്ടുണ്ടെന്നും ബാര്‍ അസോസിയേഷന് ഭാരവാഹികളും പറഞ്ഞു.