ചങ്ങനാശേരി: കുട്ടനാട്ടിലെ ഭൂരിപക്ഷം വീടുകളിൽനിന്നും ആളൊഴിഞ്ഞ സാഹചര്യത്തിൽ ചില വീടുകളിൽ മോഷണം നടക്കുന്നതായി ക്യാന്പുകളിൽ കഴിയുന്നവർക്ക് ആശങ്ക. ചങ്ങനാശേരിയിലെ ചില ക്യാന്പുകളിൽ കഴിയുന്നവരാണ് ഈ ആശങ്ക ഉയർത്തിയിരിക്കുന്നത്.
രാമങ്കരി, വേഴപ്ര, പള്ളിക്കൂട്ടുമ്മ മേഖലകളിലെ ചില വീടുകളിൽ മോഷണം നടന്നതായാണ് ആളുകൾ പരാതി ഉന്നയിച്ചിരിക്കുന്നത്. ആട്, പശു തുടങ്ങിയ വളർത്തുമൃഗങ്ങൾ ഈ മേഖലകളിൽനിന്ന് മോഷണംപോയതായി ഇവർ പറയുന്നു. കുട്ടനാടിന്റെ ചില മേഖലകളിൽ തന്പടിച്ചിരിക്കുന്ന ചിലരാണ് ഇതിനു പിന്നിലെന്നും ഇവർ ആരോപിക്കുന്നുണ്ട്.
വീടുകളിൽ ആളുകളില്ലാത്ത സാഹചര്യത്തിൽ കുട്ടനാടിന്റെ വിവിധ മേഖലകളിൽ ബോട്ടുകളിൽ പോലീസും സുരക്ഷാസേനയും പട്രോളിംഗ് നടത്തണമെന്ന് ക്യാന്പുകളിൽ കഴിയുന്നവർ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പോലീസ് അറിയിച്ചു.