റാന്നി: പ്രളയക്കെടുതിയിലായ റാന്നി ടൗണിനും പരിസരങ്ങൾക്കും ആശ്വാസവുമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളും അധ്യാപകരും രംഗത്തിറങ്ങി. ശുചീകരണത്തിനാവശ്യമായ മുഴുവൻ സാമഗ്രികളുമായിട്ടാണ് കുട്ടികൾ രണ്ടുദിവസമായി റാന്നിയിൽ സന്നദ്ധപ്രവർത്തനം നടത്തുന്നത്.
ടൗൺ ശുചീകരണം, വ്യാപാരസ്ഥാപനങ്ങളിൽ നിന്നും മറ്റും ഉപയോഗശൂന്യമായ വസ്തുക്കളുടെ ശേഖരിച്ച് മാറ്റുക തുടങ്ങിയ ജോലികൾക്കൊപ്പം വീടുകളിലും ശുചീകരണ ആവശ്യങ്ങൾക്കു സഹായം ചെയ്യുന്നുണ്ട്. ശേഖരിക്കുന്ന മാലിന്യങ്ങൾ പൂർണമായി ലോറിയിൽ കയറ്റിക്കൊണ്ടുപോകുന്നുമുണ്ട്.
ശുചീകരണത്തെ സംബന്ധിച്ച ബോധവത്കരണവും ഇവരുടെ പ്രവർത്തനത്തിന്റെ ഭാഗമാണ്. മാനേജർ ഫാ.മാത്യു പായിക്കാട്ട്, അസിസ്റ്റന്റ് മാനേജർ ഫാ.ബെന്നി കൊടിമരത്തുംമൂട്ടിൽ, ഫാ.ജിൻസ് അറയ്ക്കപറന്പിൽ, ഫാ.ടിനു കിഴക്കേവേലിക്കകത്ത്, ഫാ.സിജു പുല്ലംപ്ലായിൽ, ഫാ.രാജേഷ് കോട്ടൂർ, ഫാ.റോബിൻ വട്ടത്തറ തുടങ്ങിയ വൈദികരും അധ്യാപകരും ജീവനക്കാരും കുട്ടികളോടൊപ്പം പ്രവർത്തനങ്ങളിൽ പങ്കാളികളായി.