ചെറിയവരും വലിയവരും എന്നില്ല, ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ ഇല്ല, ഇടതെന്നോ വലതെന്നോ ഇല്ല. ലക്ഷക്കണക്കിനാളുകളാണ് കേരളത്തില്‍ ഏതാനും ദിവസങ്ങളായി അഭയാര്‍ത്ഥികളും നിസ്സഹായരുമായത്. സിനിമാ താരങ്ങളും അവരുടെ കുടുംബവും ഉള്‍പ്പെടെയുള്ള ധാരാളം പ്രമുഖരും മഴക്കെടുതിയില്‍ പെട്ട് പരസഹായം തേടേണ്ട അവസ്ഥ വന്നു.
എന്നാല്‍ ഈ ദുരിതത്തിനിടയിലും സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനവും പരിഹാസവും നേരിടേണ്ടി വന്ന താരമാണ് മല്ലികാ സുകുമാരന്‍. കഴുത്തറ്റം വെള്ളം കയറിയ അവസ്ഥയില്‍ ചെമ്പിലിരുത്തി രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുന്ന മല്ലികാ സുകുമാരന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് മല്ലികയെ ട്രോളി ആളുകള്‍ രംഗത്തെത്തി തുടങ്ങിയത്.
വീട്ടിലേക്കുള്ള റോഡ് മോശമായതിനാല്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനി കാര്‍ വീട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്ന രീതിയില്‍ മല്ലിക മുമ്പൊരിക്കല്‍ പറഞ്ഞതിനെ വീണ്ടുമെടുത്തുപയോഗിച്ചാണ് അവരെ ആളുകള്‍ ട്രോളിയത്. ഇതാണോ ലംബോര്‍ഗിനി യാത്രയെന്ന പേരിലായിരുന്നു പലരും മല്ലികയെ പരിഹസിച്ചത്.
എന്നാല്‍ അന്ന് സംഭവിച്ചത് അത്ര വലിയ സംഭവമല്ലായിരുന്നെന്നും ഫോട്ടോയില്‍ കാണുന്നത്ര ഭീകര അന്തരീക്ഷമൊന്നും അവിടെ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മല്ലിക. ചിത്രത്തില്‍ കാണുന്നില്ലെങ്കിലും അടുത്ത് തന്നെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറുന്നതിന് വേണ്ടിയാണ് താന്‍ ചെമ്പില്‍ കയറി പോയതെന്നും മല്ലിക പറയുന്നു.
വീട്ടില്‍ വെള്ളം കയറിയിരുന്നുവെന്ന കാര്യം ശരിയാണ്. റോഡിലൊക്കെ നിറച്ചുവെള്ളമായിരുന്നു. പോര്‍ട്ടിക്കോ വരെ വെള്ളം കയറിയിരുന്നു. റോഡില്‍ നിന്നും കുറച്ച് പൊങ്ങിയാണ് വീട്. വീട്ടിനകത്തൊരു വാട്ടര്‍ബോഡിയുണ്ട്. കൊച്ചുമക്കള്‍ ഓണത്തിനെത്തുന്നത് പ്രമാണിച്ച് ഈ ടാങ്ക് ക്ലീന്‍ ചെയ്തിരുന്നു. സ്വിമ്മിങ് പൂളാണെന്ന് പറഞ്ഞ് പിള്ളേര് മീനുകളോടൊപ്പം ചാടുന്ന പതിവുണ്ട്. ഇത് കൂടി കണക്കിലെടുത്തായിരുന്നു ഇത് വൃത്തിയാക്കിയത്.
ഈ ടാങ്കിനിടയില്‍ ഒരു കോണറില്‍ ഡ്രെയിനേജ് പോലൊരു സംവിധാനമുണ്ട്. റോഡും തൊട്ടടുത്ത കനാലുമൊക്കെ നിറഞ്ഞപ്പോള്‍ ആ വെള്ളം നേരെ ടാങ്കിലേക്ക് വന്നു. സ്വിമ്മിങ് പൂള് പോലെയുള്ള ടാങ്ക് നിറഞ്ഞതോടെ റൂമിലൊക്കെ വെള്ളം വന്ന് തുടങ്ങി. ഇതൊരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമായിരുന്നു. ഇതോടെയാണ് സ്ഥിതി മാറിമറിഞ്ഞത്.
താന്‍ കാണിച്ച അബദ്ധമെന്താണെന്ന് വെച്ചാല്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോവുന്നതിനായി കാറിനരികിലെത്താനായി ആ ചെമ്പിലിരുന്നു. അയല്പക്കത്തുള്ളവര് ഇങ്ങനെ ചെയ്തപ്പോഴാണ് താനും ഇങ്ങനെ ചെയ്തത്. എന്നാല്‍ ഇതിനിടയില്‍ ആരോ ഫോട്ടോ എടുത്തു. ഇതാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. എന്റെ വീട്ടിലെ ഭീകരാന്തരീക്ഷം എന്ന രീതിയിലാണ് ഫോട്ടോ പ്രചരിച്ചത്.
അന്ന് വൈകുന്നേരം തന്നെ വീട്ടില്‍ നിന്ന് വെള്ളം ഇറങ്ങിയിരുന്നു. വീടെല്ലാം വൃത്തിയാക്കുകയും ചെയ്തിരുന്നു. വെയിലും വന്നതോടെ എല്ലാം പഴയപടിയായിട്ടുണ്ട്. എന്നാല്‍ ചിത്രം കണ്ട് വിളിച്ചവര്‍ക്ക് മറുപടി നല്കി മടുക്കുകയാണിപ്പോള്.
സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയുമൊക്കെയായി നിരവധി പേരാണ് തന്റെ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചത്. മെസ്സേജ് ടൈപ്പ് ചെയ്ത് തന്റെ കൈ കഴച്ചു. ഫോണില്‍ മറുപടി പറഞ്ഞും മടുത്തു. എന്നാല്‍ കളിയാക്കുന്നവരോട് യാതൊരുവിധ പരാതിയുമില്ലെന്നും മല്ലിക പറയുന്നു.