ചങ്ങനാശേരി: കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് താഴുന്നു. ഇടക്കിടക്ക്പെയുന്ന കനത്ത മഴ ഭീഷണിയാകുന്നു. കുട്ടനാട്ടിൽ നിന്നും രണടുലക്ഷത്തിലേറെപ്പേർ ബോട്ടുമാർഗവും വള്ളങ്ങളിലുമായും ദേശീയ ദുരന്തനിവാരണ സേനങ്ങളുടെ രക്ഷാബോട്ടുകളിലുമായി പലായനം ചെയ്തതായി റവന്യുവകുപ്പിന്റെ ഏകദേശവിവരം.
ഇന്നലെയും ഇന്നുരാവിലേയുമായും നിരവധിയാളുകൾ ചങ്ങനാശേരിയിലെത്തിക്കൊണ്ടിരിക്കുകയാണ്. ആലപ്പുഴ, എടത്വാ മേഖലകളിലേക്കും ആളുകൾ കുടിയേറുന്നുണ്ട്. കുട്ടനാട് താലൂക്കിന്റെ വിവിധ പഞ്ചായത്തുകളിൽ നിന്നുമായി 90ശതമാനം പേരും ഒഴിഞ്ഞെന്നാണ് റനവ്യുവകുപ്പ് അധികൃതർ പറയുന്നത്.
മഴക്ക് നേരിയ ശമനം കണ്ടതോടെ ചില മേഖലകളിൽ നിന്നും ആളുകൾ ഒഴിഞ്ഞുപോകാൻ വൈമനസ്യം കാട്ടിയിട്ടുണ്ട്. എന്നാൽ അപകട സാഹചര്യങ്ങൾ കണണക്കിലെടുത്ത് ഇവരും ഒഴിയണമെന്ന് പോലീസും റവന്യുവകുപ്പും കർശന നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ ഇപ്പോഴും കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിൽ വയോജനങ്ങൾപ്പെടെ നിരവധിപ്പേർ രക്ഷക്കായി കാതോർത്തു വെള്ളക്കെട്ടിൽ കഴിയുന്നുണ്ട്. ബോട്ടുമാർഗവും വള്ളങ്ങളിലുമായും ചങ്ങനാശേരി ബോട്ടുജെട്ടിയിലൂടെയും കിടങ്ങറ, രാമങ്കരി മേഖലകളിൽ നിന്നും ടോറസ്മാർഗവുമായി കഴിഞ്ഞ നാലുദിവസത്തിനിടെ ഒരു ലക്ഷത്തിനടുത്ത് ആളുകൾ ചങ്ങനാശേരിയിലെത്തിയതായാണ് റവന്യുവകുപ്പിന്റെ ഏകദേശ കണക്ക്.
എടത്വാ, ആലപ്പുഴ പ്രദേശങ്ങളിലേക്കും ഒരുലക്ഷത്തിലധികം ആളുകൾ അഭയം പ്രാപിച്ചതായാണ് വിവരം ലഭിക്കുന്നത്. ഭൂരിപക്ഷം കുടുംബങ്ങളും ചങ്ങനാശേരി നഗരത്തിലേയും നെടുംകുന്നം, കറുകച്ചാൽ, വാകത്താനം, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി പഞ്ചായത്തുകളിലെ ബന്ധുവീടികളിലാണ് അഭയം തേടിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെത്തിയവർ വിവിധ ക്യാന്പുകളിലും ബന്ധുവീടുകളിലുമായാണ് താമസിക്കുന്നത്.
വൻസന്നാഹങ്ങളുമായി 230പേരുടെ ഒഡീഷ ഫയർഫോഴ്സ് സംഘവും
ചങ്ങനാശേരി: കുട്ടനാട്ടിൽ അവശേഷിക്കുന്നവരെ രക്ഷിക്കാൻ ആർമിയടക്കം ദുരന്ത നിവാരണസേനകളെത്തി. പൂനെയിൽ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനയിലെ അന്പതംഗ സംഘം ഇന്നലെ ഉച്ചയോടെ ചങ്ങനാശേരി ബോട്ടുജെട്ടിയിലെത്തി ഓപ്പറേഷൻ ആരംഭിച്ചു. എട്ട് റബറൈസ്ഡ് ബോട്ടുകളിലായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഒഡീഷ ഫയർ ഫോഴ്സിന്റെ 230അംഗ സേനയും ഇന്നലെ വൈകുന്നേരത്തോടെ ചങ്ങനാശേരി ബോട്ടുജെട്ടിയിൽ അതീവ സന്നാഹങ്ങളുമായെത്തിയിട്ടുണ്ട്. നിരവധി സ്പീഡ്റബർ ഡിങ്കികൾ, എൻജിൻ ബോട്ടുകൾ എന്നിവയുമായാണ് സംഘം ചങ്ങനാശേരി ബോട്ടുജെട്ടിയിൽ നിന്നും രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്.
കൂടാതെ കോസ്റ്റ് ഗാർഡ്, ബിഎസ്എഫ്, ആന്ധ്രാഫയർ ഫോഴ്സ് ടീം എന്നിവരും കുട്ടനാട്ടിലേക്ക് രക്ഷാപ്രവർത്തനവുമായി നീങ്ങിയിട്ടുണ്ട്. നാട്ടുകാരുടേയും പോലീസിന്റെയും സഹകരണത്തോടെയാണ് ഇവരുടെ പ്രവർത്തനം.