കണ്ണൂർ: കണ്ണൂർ ജില്ലയിൽ കനത്തമഴയ്ക്ക് ആശ്വാസമായതോടെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. വെള്ളമിറങ്ങിയാലും മുൻകരുതൽ വേണമെന്നും ഒറ്റയ്ക്കു വീട്ടിലേക്കു മടങ്ങരുതെന്നും അധികൃതർ നിർദേശം നല്കിയിട്ടുണ്ട്. ജില്ലയിൽ ഏഴു ദുരിതാശ്വാസ ക്യാന്പുകളിലായി 1398 ആളുകളാണ് കഴിയുന്നത്.
ശനിയാഴ്ച വരെ 12 ക്യാന്പുകൾ പ്രവർത്തിച്ചിരുന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും നാശംവിതച്ച കൊട്ടിയൂർ മേഖലയിലാണ് ഏറ്റവുമധികം ക്യാന്പുകളുള്ളത്.മംഗളൂരു-ഷൊർണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വെള്ളമിറങ്ങിയതോടെ മലയോര പ്രദേശങ്ങളിൽ ഉൾപ്പടെ ഗതാഗതം സാധാരണനില കൈവരിക്കുകയാണ്.
പ്രളയ ദുരിതബാധിതർക്ക് സഹായവുമായി കാരുണ്യത്തിന്റെ കരങ്ങളുമായി നാടൊന്നിക്കുന്ന കാഴ്ചയാണ് എങ്ങും.
ഓണാഘോഷങ്ങൾ മാറ്റിവച്ച് ധനസഹായവും ഭക്ഷ്യവസ്തുക്കളുമായി വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും കൈകോർക്കുന്നു.
ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് മടങ്ങുന്നവരുടെ വീടുകൾ വൃത്തിയാക്കാൻ സന്നദ്ധരായി ആളുകളെത്തുന്നതും ആശ്വാസമായിട്ടുണ്ട്. അയൽജില്ലയായ വയനാട്ടിലേക്കും നിരവധിപേർ സഹായങ്ങളും സന്നദ്ധപ്രവർത്തനങ്ങളുമായി പോകുന്നുണ്ട്.