പാലക്കാട് : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. മന്ത്രി എ.കെ. ബാലന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരിയാണ് തുക ചെക്കായി കൈമാറി.
തുടർന്ന് മന്ത്രി ജില്ലാ കലക്ടർ ഡി.ബാലമുരളിക്ക് ചെക്ക് കൈമാറി പാലക്കാട് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ സ്മോൾ ഹൈഡ്രോ കന്പനിയുടെ കീഴിലെ മീൻവല്ലം ജല വൈദ്യുത പദ്ധതിയുടെ ലാഭ വിഹിതത്തിൽ നിന്നുളള തുകയാണ് സംഭാവനയായി കൈമാറിയത്.
സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമായ മഴക്കെടുതിയിൽ ദുരിത ബാധിതർക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന സാന്പത്തിക സഹായം മാതൃകാ പരമാണെന്നും ജില്ലാഭരണകൂടം കാര്യക്ഷമതയോടെയുള്ള സമീപനമാണ് നടത്തിയതെന്നും മന്ത്രി അറിയിച്ചു.
സാംക്രമീക രോഗങ്ങൾ വരാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത മുൻകരുതൽ സ്വീകരിക്കണമെന്നും പ്രതിസന്ധിക്കളെ അതീജീവിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാപഞ്ചായത്ത് പരിസരത്ത് 3.7 ലക്ഷം ചെലവിൽ നവീകരിച്ച ഉദ്യാനത്തിൽ നിർമ്മിച്ച ഗാന്ധിജി -ഇ.എം.എസ് പ്രതിമകൾ മന്ത്രി എ.കെ.ബാലൻ അനാഛാദനം ചെയ്തു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ നാരായണദാസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു സുരേഷ്, അംഗം സന്ധ്യടീച്ചർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പി. വേലായുധൻ, ബോർഡ് ഡയറക്ടർ പി.കെ സുധാകരൻ, സ്മോൾ ഹൈഡ്രോ കന്പനി സെക്രട്ടറി എൻ.കെ.അജിത് തുടങ്ങിയവർ പങ്കെടുത്തു.