കോട്ടയം: മഴവെള്ളത്തിൽ ഒഴുകി വന്ന കുപ്പികൾ പെറുക്കിക്കൂട്ടിയുണ്ടാക്കിയ ചങ്ങാടമാണ് ചാലുകുന്നിനു സമീപത്തെ ഏതാനും വീട്ടുകാരുടെ ആശ്രയം. ചാലുകുന്നിന് സമീപം സിഎൻഐ-കൊച്ചാന റോഡിൽ ഒന്നരയാൾ വെള്ളമാണ് ഉയർന്നത്. ഏതാണ്ട് 500 മീറ്ററോളം നീളത്തിൽ റോഡിൽ വെള്ളം കയറി.
വീടുകളിൽ വെള്ളം കയറിയതോടെ ഭൂരിഭാഗം പേരും ദുരിതാശ്വാസ ക്യാന്പുകളിൽ അഭയം തേടി. മറ്റുള്ളവർക്ക് പുറം ലോകത്തേക്ക് പോകാൻ ഒരു മാർഗവുമില്ല. ഈയവസരത്തിൽ പോരുപുഞ്ചയിൽ രാമകൃഷ്ണനാണ് കുപ്പി പെറുക്കിക്കൂടി ചങ്ങാടമുണ്ടാക്കിയാലോ എന്ന ആശയം മുന്നോട്ടുവച്ചത്.
കാലിക്കുപ്പി ശേഖരിച്ച് അത് വലയ്ക്കുള്ളിലാക്കി കെട്ടിയ ശേഷം പലക മുകളിൽ വച്ച് കെട്ടിയാണ് ചങ്ങാടം രൂപപ്പെടുത്തിയത്. കുപ്പിയുടെ എണ്ണം കൂടുംതോറും ചങ്ങാടത്തിന് ബലമേകുമെന്ന് രാമകൃഷ്ണൻ പറയുന്നു. എന്തായാലും അടുത്ത വെള്ളപ്പൊക്ക സീസണിൽ വിപുലമായ ഒരു കുപ്പിച്ചങ്ങാടമുണ്ടാക്കാനുള്ള ആലോചനയിൽ ഇപ്പോഴേ കുപ്പികൾ ശേഖരിച്ചുതുടങ്ങി രാമകൃഷ്ണൻ.