പത്തനംതിട്ട: രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇനി ജില്ലയിൽ മുൻഗണന. കഴിഞ്ഞ ബുധനാഴ്ച രാവിലെ ആരംഭിച്ച രക്ഷാപ്രവർത്തനങ്ങളാണ് ഇന്നലെ വൈകുന്നേരത്തോടെ ഏകദേശം പൂർത്തിയായത്. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിൽ ഇന്നുകൂടി രക്ഷാപ്രവർത്തനം തുടരാൻ നിർദേശമുണ്ട്.
ഒറ്റപ്പെട്ടു കഴിയുന്നവർ സന്നദ്ധമെങ്കിൽ അവരെക്കൂടി ക്യാന്പുകളിൽ എത്തിക്കും. അല്ലാത്തപക്ഷം അവർക്കാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാനാണ് തീരുമാനം. എന്നാൽ രക്ഷാപ്രവർത്തകർ മടങ്ങിയാൽപിന്നെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എങ്ങനെയെത്തുമെന്ന ആശങ്ക ഉണ്ടായിട്ടുണ്ട്. ബോട്ടുകളും മറ്റും രക്ഷാപ്രവർത്തനം കഴിഞ്ഞു മടങ്ങാൻ തയാറെടുക്കുകയാണ്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനായിരിക്കും ഇനി മുൻഗണന നൽകുകയെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹും പറഞ്ഞു. ജില്ലയിലെ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ക്യാന്പുകൾ തിരുവല്ല താലൂക്കിലാണ്. രണ്ടാമത് കോഴഞ്ചേരി താലൂക്കാണ്.
മറ്റ് താലൂക്കുകളിലും ക്യന്പുകളുണ്ട്. ക്യാന്പുകളിൽ വിതരണം ചെയ്യുന്നതിനുള്ള വളരെയേറെ അവശ്യ വസ്തുക്കൾ അടൂർ മാർത്തോമ്മാ യൂത്ത് സെൻററിലെ പ്രധാന ഹബിൽ എത്തുന്നുണ്ട്. ഇത് ഇവിടെ നിന്നും സബ് ഹബുകളിൽ എത്തിക്കുകയും തുടർന്നു ക്യാന്പുകളിൽ വിതരണം ചെയ്തു വരുകയുമാണ്. വെള്ളക്കെട്ടുള്ളതിനാൽ ക്യാന്പുകളിലേക്കു വരാൻ കഴിയാത്തവർക്ക് വീടുകളിലേക്ക് ആഹാര സാധനങ്ങൾ എത്തിച്ചു നൽകുന്നുണ്ട്.
മെഡിക്കൽ ടീമുകൾ
ക്യാന്പുകളിൽ കഴിയുന്നവരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനായി മെഡിക്കൽ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഏഴ് പ്രധാന ആശുപത്രികൾ, 43 പിഎച്ച്സി 12 സിഎച്ച്സി എന്നിവ ജില്ലയിലുണ്ട്. ഇവയുമായി ബന്ധപ്പെട്ടാണ് ക്യാന്പുകളിലുള്ളവരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കിയിട്ടുള്ളത്. ഇതു കൂടാതെ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും കൊണ്ടുവന്നിട്ടുള്ള 170 ഡോക്ടർമാരെയും മെഡിക്കൽ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.
ക്യാന്പുകളിൽ താമസിക്കുന്നവരുടെയും വീടുകളിൽ കഴിയുന്നവരുടേയും ആരോഗ്യസ്ഥിതി പരിശോധിക്കുക, ആവശ്യമായ ചികിത്സയും മരുന്നും നൽകുക തുടങ്ങിയവയാണ് ഇവരുടെ ഉത്തരവാദിത്വം. ക്യാന്പിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട നിലയിൽ പരിരക്ഷിക്കുന്നതിന് വിപുലമായ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്.
ശുചീകരണ സ്ക്വാഡുകൾ
വീടുകളും പരിസരങ്ങളും ശുചീകരിക്കുക, റോഡുകൾ ശുചീകരിക്കുക, കിണറുകൾ, കക്കൂസുകൾ തുടങ്ങിയവ ശുചിയാക്കുക, ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്നിവയ്ക്കും ആവശ്യമായ നടപടികൾ കൈക്കൊണ്ടു കഴിഞ്ഞു. ശുചീകരണത്തിനായി തിരുവല്ല താലൂക്കിൽ മാത്രം 1000 വോളന്റിയേഴ്സിൻറെ ടീം സജ്ജമാക്കി കഴിഞ്ഞു. ഇതുപ്രകാരം അഞ്ചു പേർ അടങ്ങുന്ന ഒരു ടീം ഓരോ വീടുകളിലും ചെന്ന് ക്ലീൻ ചെയ്യുന്നതിന് സഹായിക്കും.
വെള്ളം കയറിയ വീടുകളിലെല്ലാം ഒരടിയോളം ചെളി നിറഞ്ഞിരിക്കുകയാണ്. ഇതു ക്ലീൻ ചെയ്യുകയെന്നത് വലിയ പ്രയത്നമാണ്. വീട്ടിലുള്ളവരുമായി സഹകരിച്ചായിരിക്കും ഈ ടീം പ്രവർത്തിക്കുക. ഇതിനു പുറമേ എൽപിജി ചോർച്ച, അപകടമുണ്ടാകാൻ സാധ്യതയുള്ള മറ്റ് കാര്യങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശവും ടീമിന് നൽകും. തുടർ പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും സഹായത്തോടെ നടത്തുമെന്നും കളക്ടർ പറഞ്ഞു.