നെടുമ്പാശേരി: ശക്തമായ കാലവർഷത്തെ തുടർന്നു പൂർണമായും അടച്ചുപൂട്ടിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയുടെ ശുചികരണ പ്രവർത്തികൾ പൂർത്തിയാക്കി. പുതുതായി പണികഴിപ്പിച്ച അന്താരാഷ്ട്ര ടെർമിനലിന്റെ ശുദ്ധീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.
വെള്ളം കയറിയതുമൂലം വിമാനതാവളത്തിൽ ഏറ്റവും കൂടുതൽ നഷ്ടം വന്നിരിക്കുന്നത് ഈ ടെർമിനലിലാണ്. താഴത്തെ നിലയിലെ മിക്ക ഭാഗങ്ങളിലും വെള്ളം കയറിയിരുന്നു. ഇതുമൂലം ഇവിടെ സ്ഥാപിച്ചിരുന്ന മിഷനറികളിൽ കയറിയ ചെളി നീക്കം ചെയ്യുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
ഇതിന് ശേഷം മാത്രമേ മെഷിനറികൾ നന്നാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളു. ചെള്ളി നീക്കം ചെയ്തിനു ശേഷം മാത്രമെ മെഷിനറികൾക്ക് പറ്റിയ കേടുപാടുകൾ തിരച്ചറിയുവാൻ കഴിയുകയുള്ളു. ഇത് പരിഹരിച്ച് പിന്നീട് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാനങ്ങൾക്ക് സർവീസ് നടത്തുവാൻ കഴിയുകയുള്ളു.
യന്ത്രസാമഗ്രഹികൾ കൂടാതെ 500 ഓളം താൽക്കാലിക തൊഴിലാളികളെ നിയോഗിച്ചുകൊണ്ടാണ് റൺവേയുടെ വ്യത്തിയാക്കൽ ജോലി നടത്തിയത്. വെള്ളം കയറി വിമാനത്താവളം അടച്ചതു മൂലം ആയിരം കോടി രൂപയിലധികം നഷ്ടം വന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. വിമാനങ്ങൾ ഇറങ്ങാതെ വന്നതു മൂലം ഉണ്ടായ നഷ്ടങ്ങൾ കൂട്ടാതെയാണ് ഏകദേശം ആയിരം കോടി രൂപയിലധികം നഷ്ടം ഉണ്ടാകുമെന്ന പ്രാഥമിക നിഗമനത്തിൽ അധികൃതർ എത്തിയിരിക്കുന്നത്.
വിമാനതാവളത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിച്ചതിനു ശേഷം യോഗം നടത്തി കെടുതി വിലയിരുത്തിയാൽ മാത്രമെ കൃത്യമായ നാശനഷ്ടം കണക്കുവാൻ കഴിയുകയുള്ളു. അറ്റകുറ്റപണികൾ പൂർത്തിയാക്കി വിമാന താവളം 26 ന് തുറക്കുന്നതിനുള്ള തീവ്ര പരിശ്രമത്തിലാണ് സിയാൽ അധികൃതർ.