സ്വന്തം ലേഖകൻ
തൃശൂർ: കരുവന്നൂർ പുഴയുടെ തകർന്ന ഇല്ലിക്കൽ ബണ്ടിന്റെ പുനർനിർമാണം ഇന്നു വൈകുന്നേരത്തോടെ പൂർത്തിയാക്കും. ആറാട്ടുപുഴ മന്ദാരംകടവിനടുത്തു പൊട്ടിയ ബണ്ട് താത്കാലികമായി പുനർനിർമിച്ചു. ഇരു ബണ്ടുകളും പൊട്ടിയുണ്ടായ പ്രളയം നിയന്ത്രിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണു താത്കാലിക ബദൽ ബണ്ടുകൾ നിർമിക്കുത്.
കുട്ടനാട്ടുനിന്നുള്ള വിദഗ്ധരും എക്സൈസ സേനാംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ ഇരുന്നൂറോളം പേരടങ്ങുന്ന സംഘമാണു പണി നടത്തുന്നത്. മുതിർന്ന എൻജിനിയിർമാർ മേൽനോട്ടം വഹിക്കുന്നുണ്ട്.
പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടറുകൾ അടച്ച് ഇരു പുഴകളിലേയും നീരൊഴുക്കു നിയന്ത്രിച്ചാണ് പണി നടത്തുന്നത്. ആറാട്ടുപുഴ ബണ്ടിന്റെ പണികൾ ഇന്നലെ രാത്രിയോടെ പൂർത്തിയാക്കിയെങ്കിലും ക്രമാതീതമായ നീരൊഴുക്കുണ്ട്. കരുവന്നൂർ പുഴയുടെ തകർന്നുപോയ ഇല്ലിക്കൽ ബണ്ടു പുനസ്ഥാപിച്ച് വെള്ളത്തിന്റെ കുത്തൊഴുക്കുകൂടി നിയന്ത്രിച്ചാലേ തൃശൂർ നഗരത്തിലടക്കം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ള പ്രളയജലം ഒഴിഞ്ഞുപോകൂ.
ഇന്നലെ രാത്രി ജനറേറ്റർ വിളക്കുകകളുടെ സഹായത്തോടെ കരുവന്നൂർ പുഴയിലെ ഇല്ലിക്കലിൽ ബണ്ടു നിർമിക്കുന്ന പണികൾ ആരംഭിച്ചതാണ്. വലിയ തെങ്ങുകൾ, മുളകൾ, തകര ഷീറ്റുകൾ, കരിങ്കല്ലുകൾ, മണൽചാക്കുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് ബണ്ടുകൾ നിർമിക്കുന്നത്. ഇന്നു വൈകുന്നേരത്തോടെ പണി പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഇരു പുഴകളിലേയും ബണ്ടുകൾ പൊട്ടിയതുമൂലം വരാക്കര, അരണാട്ടുകര, ചേർപ്പ്, താന്ന്യം, ചാഴൂർ, അരണാട്ടുകര, ലാലൂർ, പുല്ലഴി, മനക്കൊടി, ചേറ്റുപുഴ, പുല്ലഴി, ഏനാമ്മാവ്, മുല്ലശേരി തുടങ്ങിയ മേഖലകളിലെല്ലാം വെള്ളം കയറി. ഇപ്പോൾ ജലനിരപ്പു കുറഞ്ഞിട്ടുണ്ട്.
പീച്ചി ഡാമിന്റെ ഷട്ടറുകൾ 14 ഇഞ്ചിൽനിന്ന് രണ്ടിഞ്ചു മാത്രമാക്കി ചുരുക്കി. അഞ്ചു സെന്റീമീറ്റർ തുറന്നിരുന്ന ചിമ്മിനിയിൽ ഒരു സെന്റീമീറ്റർ മാത്രമാണ് തുറന്നിരിക്കുന്നത. പീച്ചിഡാമിൽ ഇപ്പോൾ 78.79 മീറ്റർ ഉയരത്തിൽ വെള്ളമുണ്ട്. പരമാവധി ശേഷി 79.25 മീറ്ററാണ്. ചിമ്മിനി ഡാമിൽ 76 മീറ്റർ വെള്ളമുണ്ട്. പരമാവധി ശേഷി 79.4 മീറ്ററാണ്.