കോട്ടയം: പരാതിയും പരിഭവവുമില്ലാതെ ചാലുകുന്ന് സിഎൻഐ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പ് നാളെ പിരിയുന്പോൾ എല്ലാവർക്കം ഒരു പ്രാർഥനമാത്രം ഇനിയും ഇതുപോലുള്ള അനുഭവം ഉണ്ടാകരുതേ എന്ന്. മറക്കാനാവാത്ത വെള്ളപ്പൊക്കത്തിന്റെ ഓർമകളുമായാണ് ഇവർ വീടുകളിലേക്ക് മടങ്ങുന്നത്.
24 കുടുംബങ്ങളിലെ 110 പേർ ഒരു കുടുംബം എന്ന പോലെ എട്ടുദിവസം കഴിഞ്ഞതിനെ ഓർത്തെടുക്കുന്പോൾ ക്യാന്പിലെ കോ-ഓർഡിനേറ്റർകൂടിയായ തൈത്തറമാലിയിൽ ഷിബു സോമനാഥിന് പറയാനേറെ. 2018 ഓഗസ്റ്റ് 14 ചൊവ്വ. രാത്രി 10 മണിയായിക്കാണും. പുറത്തു കനത്തമഴ പെയ്യുന്നു. ഷിബുവിന്റെ മൊബൈൽ ഫോണിലേക്ക് ഒരു കോൾ വന്നു. സമീപത്തു താമസിക്കുന്ന സോമനാണ് വിളിക്കുന്നത്.
വെള്ളം എവിടെ വരെയായി എന്നറിയാനാണ് വിളി. അതിശക്തമായ മഴയും കാറ്റും വീശുന്നുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. നേരം വെളുക്കട്ടെ എന്നു പറഞ്ഞു കിടന്നെങ്കിലും ഷിബു ഉറങ്ങിയില്ല. ഇതിനിടെ ഈരാറ്റുപേട്ടയിലും തീക്കോയിയിലുമുള്ള പരിചയക്കാരെ വിളിച്ച് അവിടെ മഴയുണ്ടോ ഉരുൾ പൊട്ടലുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ച് വിലയിരുത്തി. നേരം പുലർന്നപ്പോൾ മുറ്റത്തു
വെള്ളം നിറഞ്ഞു. അപ്പോഴേക്കും പലരും അന്യോന്യം ഫോണിൽ ബന്ധപ്പെട്ടു. പലരുടെയും വീടുകളിലും വെള്ളം കയറി. ഉടനെ കൈയിൽ കിട്ടിയതുമായി നേരേ സിഎൻഐ എൽപി സ്കൂൾ ക്യാന്പിലേക്ക്. പിറ്റേന്ന് അവധിയായിരുന്നുവെങ്കിലും സ്കൂൾ തുറന്നിടാനുള്ള ക്രമീകരണങ്ങൾ ഹെഡ്മാസ്റ്റർ സാംജോണ് തോമസ് ചെയ്തിരുന്നു. വൈകുന്നേരമായപ്പോഴേക്കും 24 കുടുംബങ്ങളും ക്യാന്പിലെത്തി.പിന്നീടുള്ള ദിവസങ്ങളിൽ സർക്കാർ സംവിധാനത്തിലും അല്ലാതെയും നിരവധി സന്നദ്ധ സംഘടനകളും അരിയും പലവ്യഞ്ജനങ്ങളും തുണിയും മറ്റ് നിത്യോപയോഗ സാധനങ്ങളും നല്കി.
ഇവയെല്ലാം നൂലിഴ കീറുന്ന മാതിരി 24 കുടുംബങ്ങൾക്ക് വീതിച്ചു നല്കിയത് കോ ഓർഡിനേറ്റർ ഷിബുവാണ്. ഭക്ഷണമോ വസ്ത്രമോ ഏതായാലും ക്യാന്പിൽ മിച്ചം വന്നാൽ അത് അടുത്ത ക്യാന്പിൽ വണ്ടി പിടിച്ച് എത്തിക്കാനും ഷിബു നേതൃത്വം നല്കി എന്നത് ഏറെ പ്രശംസയർഹിക്കുന്ന നടപടിയായി. പോലീസ്, കെഎസ്ഇബി , നഗരസഭ , റവന്യു തുടങ്ങിയ വിഭാഗങ്ങളുടെ ഏകോപനവും നിരന്തരമായ പ്രവർത്തനവും ക്യാന്പ് സന്ദർശനവും ഉണ്ടായിരുന്നു.
ഒന്നിടവിട്ട ദിവസങ്ങളിൽ മെഡിക്കൽ ക്യാന്പ്.ഇതിനെല്ലാം പുറമെ സിഎസ്ഐ മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് നല്ല സഹകരണം ലഭിച്ചു. ഭക്ഷണത്തിനും വെള്ളത്തിനും ഒരു തരത്തിലുമുള്ള ക്ഷാമം ഉണ്ടാകാതെ ക്യാന്പ് അംഗങ്ങളെ സഹായിച്ച എല്ലാവർക്കും വാർഡ് കൗണ്സിലർ രാധാകൃഷ്ണൻകോയിക്കലിനും സ്കൂൾ ഹെഡ്മാസ്റ്റർക്കും അധ്യാപകർക്കും കോഓർഡിനേറ്റർ ഷിബു നന്ദി പറഞ്ഞു.