കൊച്ചി: ഓണത്തിനു റിലീസ് നിശ്ചയിച്ചിരുന്ന സിനിമകള്‍ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റി. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി അടക്കം ആറു ചിത്രങ്ങളുടെ റിലീസ് ആണ് മാറ്റിയത്. റോഷന് ആന്‍ഡ്രൂസ്, നിവിന്‍ പോളി, മോഹന്‍ലാല്‍ ചിത്രമായ കായംകുളം കൊച്ചുണ്ണി 17ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദിന്റെ ഫഹദ് ഫാസില്‍ ചിത്രം വരത്തന്, ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി, വിനയന് സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി, ബിജു മേനോന് നായകനാകുന്ന പടയോട്ടം എന്നിവയാണ് ഓണത്തിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച മറ്റു ചിത്രങ്ങള്‍.