നീന്തി നോക്കിയെങ്കിലും കൈകുഴഞ്ഞതോടെ വീടിന്റെ ജനല്‍ക്കമ്പിയില്‍ പിടിച്ചു നിന്നു! അറിയാവുന്ന നമ്പരിലൊക്കെ വിളിച്ചു, ഇടയ്ക്കിടെ കൂവി; മരണത്തെ മുന്നില്‍ കണ്ട മണിക്കൂറുകളെക്കുറിച്ച് ചാലക്കുടിക്കാരന്‍ റാഫേല്‍ പറയുന്നു

മരണത്തിനും ജീവിതത്തിനുമിടയില്‍ ജീവിച്ചവരാണ് പ്രളയത്തെ അതിജീവിച്ചവരില്‍ പലരും. പലരുടെയും അനുഭവങ്ങള്‍ കണ്ണ് നനയിക്കുന്നതും ചിലത് ഞെട്ടിപ്പിക്കുന്നതുമാണ്. സമാനമായ രീതിയില്‍ ചാലക്കുടിക്കാരനായ റാഫേല്‍ എന്ന വ്യക്തിയുടെ അനുഭവമാണിപ്പോള്‍ കേള്‍ക്കുന്നവരെ ഞെട്ടിക്കുന്നത്.

അപ്രതീക്ഷിതമായി പ്രളയജലം വീടിന് മുന്നിലേയ്ക്ക് വന്നപ്പോള്‍ മരണത്തെ മുഖാമുഖം കാണുകയും പിന്നീട് ധൈര്യം സംഭരിച്ച് ജീവന്‍ തിരിച്ചു പിടിക്കുകയും ചെയ്ത സംഭവമാണത്.

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ കുറിച്ച് റാഫേല്‍ പറയുന്നതിങ്ങനെ…രാവിലെ ആറിന് ചാലക്കുടി പുഴയില്‍ നിന്ന് വീട്ടിലേക്ക് വെള്ളം കയറിത്തുടങ്ങി. എട്ടുമണിയോടെ ഭാര്യയെയും രണ്ടുകുട്ടികളെയും അയല്‍ക്കാരായ ശശിയും സിജോയും തോണിയില്‍ കയറ്റി.

റേഷന്‍ കാര്‍ഡും വീടിന്റെ ആധാരവും കവറിലാക്കി അടുത്ത തോണിയില്‍ കയറാമെന്ന് കരുതിയെങ്കിലും കാര്യങ്ങള്‍ കൈവിട്ടു. നിമിഷനേരത്തിനുള്ളില്‍ വെള്ളം നെഞ്ചോളമെത്തി. അല്പം നീന്തി. ഒഴുക്ക് ശക്തമായപ്പോഴാണ് അയല്‍വാസി ജോയിച്ചന്റെ വീടിനടുത്തെത്തിയത്.

കൈകാല്‍ കുഴഞ്ഞതോടെ ജനല്‍ക്കമ്പിയില്‍ പിടിച്ചു കയറി. രേഖകളും ഫോണും ജനലിന് മുകളില്‍ സണ്‍ഷേഡിന്റെ അടിയില്‍ വച്ചു. ഒരു കൈകൊണ്ട് ഫോണെടുത്ത് അറിയാവുന്ന നമ്പരുകളിലൊക്കെ വിളിച്ചു രക്ഷ യാചിച്ചു. ഇടക്കിടയ്ക്ക് കൂവി.

ഹെലികോപ്ടര്‍ മുകളിലൂടെ നീങ്ങുമ്പോള്‍ കൈവീശിക്കാണിച്ചു. തൊട്ടടുത്തു കൂടി പാമ്പുകളും ഇഴജന്തുക്കളും ഇഴഞ്ഞുനീങ്ങി. ഭീകരമായ മണിക്കൂറുകള്‍. നാവികസേനയുടെ ബോട്ട് രണ്ടുപ്രാവശ്യം ഈ ഭാഗത്തേക്ക് പുറപ്പെട്ടെങ്കിലും ശക്തമായ ഒഴുക്കുമൂലം മടങ്ങി.

അടുത്ത ദിവസം രാവിലെയാണ് റാഫേല്‍ ബന്ധുവീട്ടിലെത്തിയില്ലെന്ന് ശശി അറിയുന്നത്. ചാലക്കുടിപ്പുഴയില്‍ ഏതു വര്‍ഷകാലത്തും തോണിയില്‍പ്പോയി പരിചയമുണ്ട് ശശിക്ക്. രണ്ടും കല്‍പ്പിച്ച് സുഹൃത്ത് സിജോയെയും കൂട്ടി തോണിയിറക്കി. ജോയിച്ചന്റെ വീട് ലക്ഷ്യം വച്ച് തുഴഞ്ഞു. അടുത്തെത്തി തട്ടിവിളിച്ചപ്പോള്‍ റാഫേല്‍ ഉണര്‍ന്നു.

പത്തു മിനിട്ടിനുള്ളില്‍ ബന്ധുവീട്ടിലെത്തിച്ച റാഫേലിനെ കണ്ടപ്പോള്‍ ഭാര്യയും മക്കളും കെട്ടിപ്പിടിച്ചു. കുത്തിയൊലിച്ചുള്ള ഒഴുക്കില്‍ സേനാംഗങ്ങള്‍ വരെ മാറി നിന്നപ്പോള്‍ സ്വന്തം ജീവന്‍ മറന്നാണ് ചെറുവഞ്ചിയില്‍ റാഫേലിന്റെ രക്ഷയ്ക്ക് അയല്‍വാസികളായ ശശിയും സിജോയുമെത്തിയത്.

Related posts