ബിജോ ടോമി
കൊച്ചി: രണ്ടു മുറിയുളള ഓടിട്ട പഴയ വീട്. പ്രളയം വീടിനെ മൂടിയപ്പോൾ മേൽക്കൂര പകുതിയും തകർന്നു. വീട്ടിൽ ആകെയുണ്ടായിരുന്ന ആർഭാടം പത്തു വർഷത്തിലേറെ പഴക്കമുള്ള ഒരു ടിവി മാത്രമായിരുന്നു. ഒഴുകിയെത്തിയ വെള്ളം വീട്ടിലെ മറ്റു വസ്തുക്കൾക്കൊപ്പം ഇതും കൊണ്ടുപോയി. രണ്ടു ജീവനുകൾ മാത്രമാണ് ഇവിടെയിനി അവശേഷിക്കുന്നത്. എഴുപതു പിന്നിട്ട സത്യപാലനും ഭാര്യ സുശീലയും.
ചിറ്റാത്തുകര പഞ്ചായത്തിലെ പറയകാടുനിന്നാണ് ഈ കാഴ്ച. അഞ്ചു ദിവസമായി പറവൂർ ടൗണ് ഹാളിലെ ദുരിതാശ്വാസ ക്യാന്പിലായിരുന്ന ഇവർ ഇന്നലെയാണ് വെള്ളം ഇറങ്ങിയെന്നറിഞ്ഞു വീട്ടിൽ തിരികെയെത്തിയത്. കരുതിയപോലെ വെള്ളം പൂർണമായും ഒഴിഞ്ഞു പോയിട്ടില്ല. മുറ്റത്തു മുട്ടോളം ഉയരത്തിൽ വെള്ളം കെട്ടിക്കിടപ്പുണ്ട്. വാർധക്യത്തിന്റെ എല്ലാ വിഷമതകളും ഉണ്ടെങ്കിലും തങ്ങളാൽ കഴിയുംവിധം അവർ വീട് വൃത്തിയാക്കുകയാണ്.
ഏകമകളെ കല്യാണം കഴിപ്പിച്ചയച്ചു. ഒറ്റയ്ക്കായ ഇവർക്കിപ്പോൾ സ്വന്തമായുള്ളത് ഉടുത്തിരുന്ന തുണി മാത്രം. അതും കഷ്ടിച്ചു നഗ്നത മറയ്ക്കാൻ കഴിയുന്ന പഴയതൊരെണ്ണം. എന്തെങ്കിലും ഒരുവഴി തെളിയുമെന്ന പ്രതീക്ഷ മാത്രമാണു കൈമുതൽ. എല്ലാവരെയുംപോലെ ഇവരും ശേഷിച്ച വസ്തുക്കൾ കഴുകിയും തുടച്ചും പഴയ ജീവിതത്തിലേക്കു തിരിച്ചുനടക്കാൻ ശ്രമിക്കുകയാണ്.
ജില്ലയിൽ പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച പറവൂർ താലൂക്കിലൂടെ സഞ്ചരിച്ചാൽ ഇത്തരം ദൈന്യതയുടെ ചിത്രങ്ങൾ നിരവധിയാണ്. എല്ലാ വീടിന്റെ ഭിത്തിയിലും വെള്ളം അടയാളപ്പെടുത്തിയ പാടുണ്ട്. പകുതിയിലധികം സാധനങ്ങളും വെള്ളം കയറി നശിച്ചു. ബാക്കിയുള്ളവ കഴുകി ഉപയോഗയോഗ്യമാക്കുന്ന തിരക്കിലാണു വീട്ടുകാർ. ചെറിയപാലംതുരുത്ത് ചെറുതുറയിൽ നളിനാക്ഷിയമ്മ പാത്രങ്ങൾ കഴുകിയെടുക്കുന്ന തിരക്കിലായിരുന്നു.
പകുതിയും ഒഴുകിപ്പോയി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ നാലു പേര് പിടിച്ചാൽ പൊങ്ങുന്ന വലിയകട്ടിൽ വേറൊരു കട്ടിലിന്റെ മുകളിൽ ഇരിക്കുകയായിരുന്നെന്നു നളിനാഷി പറഞ്ഞു. അത്രയ്ക്കും ശക്തമായ ഒഴുക്കായിരുന്നു. പെരിയാറിന്റെയും ചാലക്കുടി പുഴയുടെയും കൈവഴികളിലൂടെ വെള്ളമെത്തിയതാണ് പറവൂരിൽ ദുരന്തത്തിന്റെ തീവ്രത കൂട്ടിയത്. എല്ലാം വെള്ളം കയറി നശിച്ചു. നോക്കിനിൽക്കാനെ കഴിഞ്ഞുള്ളു.
ഓട്ടോ ഓടിച്ചാണു കുടുംബം പുലർത്തിയിരുന്നത്. വെള്ളം കയറിയതിനാൽ അറ്റകുറ്റപ്പണിക്കുശേഷമേ ഇനി വണ്ടിയിറക്കാൻ കഴിയൂ. പറയകാട് വാഴപറന്പിൽ ആകാശ് പറഞ്ഞു. ഈ പ്രദേശങ്ങളിൽ വീടിനു മുന്പിൽ നിർത്തിയിട്ടിരുന്ന എല്ലാവരുടെയും വാഹനങ്ങൾ വെള്ളം കയറി നശിച്ച അവസ്ഥയിലാണ്. സർവീസ് സെന്ററിലേക്കു വിളിക്കുന്പോൾ ഇപ്പോൾതന്നെ നിരവധി വാഹനങ്ങളാണെന്നും കുറഞ്ഞത് ഒരു മാസമെങ്കിലും സമയമെടുക്കും നന്നാക്കി ലഭിക്കാനെന്നുമാണു മറുപടിയെന്നു നാട്ടുകാർ പറയുന്നു.
1914 സ്ഥാപിച്ചതാണു പറയകാട് ഗവ. എൽപി സ്കൂൾ. ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് അറുപത് വർഷത്തോളം പഴക്കമുണ്ട്. അഞ്ചു ദിവസത്തോളം വെള്ളം കെട്ടിനിന്നതിനാൽ ഭിത്തികൾ ദുർബലമായിട്ടുണ്ട്. ഇനി എന്തു വിശ്വസിച്ചാണ് കുട്ടികളെ ഇതിനുള്ളിലിരുത്തി പഠിപ്പിക്കുന്നതെന്നാണു പ്രധാനാധ്യാപക ഇ.കെ. സാവിത്രി ചോദിക്കുന്നു.
പറവൂർ താലൂക്കിൽ 198 ക്യാന്പുകളിലായി 55,000 പേർ ഇപ്പോഴും കഴിയുന്നുണ്ട്. വെള്ളം ഇറങ്ങിയെങ്കിലും പ്രളയം മുഴുവൻ കവർന്നെടുത്ത ഇവർക്കു വീടുകളിലേക്കു മടങ്ങാൻ കഴിയുന്നില്ല. ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ നഷ്ടപ്പെട്ടു. ഹൃദ്രോഗികളും കാൻസർ രോഗികളും അടക്കമുള്ളവർ ക്യാന്പുകളിലുണ്ട്. നോർത്ത് പറവൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ കഴിയുന്ന പരുവത്തുരുത്ത് സ്വദേശി സിജയുടെ ഭർത്താവ് മരിച്ചിട്ട് ഒരുവർഷമായി.
നാലാം ക്ലാസിൽ പഠിക്കുന്ന ഒരു മകൾ മാത്രമാണുള്ളത്. വെള്ളം പൂർണമായും ഇറങ്ങാത്തതിനാൽ ഇപ്പോഴും വീട്ടിലേക്കു മടങ്ങാൻ കഴിഞ്ഞിട്ടില്ല. ഇനിയെങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയിലാണു സിജയിപ്പോൾ. പറവൂർ താലൂക്കിൽ ടൗണിൽ ഒഴികെ എല്ലായിടത്തും വെള്ളം കയറിയിരുന്നു. കടകളിൽ വെള്ളം കയറി മുഴുവൻ സാധനങ്ങളും നശിച്ചു. കുപ്പിവെള്ളം പോലും മേടിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.
നാട്ടുകാർതന്നെ വിവിധ ഇടങ്ങളിൽനിന്നു സംഭരിച്ചു കൊണ്ടുവരുന്ന വസ്തുക്കൾ ലോറിയിൽ വിതരണം ചെയ്യുകയാണ്. വാഹനത്തിൽനിന്നു വിതരണം ചെയ്യുന്ന ബ്രെഡും ബിസ്കറ്റും കഴിച്ചാണ് ഇവർ വിശപ്പടക്കുന്നത്. ഉൾപ്രദേശങ്ങളിൽ കഴിയുന്നവർക്ക് ഈ സൗകര്യവും ലഭിക്കുന്നില്ല. എങ്കിലും അതിജീവനത്തിന്റെ പോരാട്ടത്തിലാണ് ഇവിടെ ഓരോരുത്തരും.