കിഴക്കമ്പലം: കേന്ദ്ര പൊതുമേഖലാ പെട്രോളിയം കമ്പനികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി സംഭാവന നല്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെയും നിര്‍ദേശപ്രകാരം പ്രളയകെടുതി ഘട്ടത്തിലും സംസ്ഥാനത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കുന്നതിന് കേന്ദ്ര പൊതുമേഖലാ എണ്ണകമ്പനികള്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായി അധികൃതർ പറഞ്ഞു.
പൊതുമേഖലാ പെട്രോളിയം കമ്പനികളുടെ വകയായുള്ള 25 കോടി രൂപയുടെ ചെക്ക്, പെട്രോളിയം മന്ത്രാലയത്തിനു വേണ്ടി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, വി. മുരളീധരന് എംപി എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷൻ പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.
കൊച്ചി റിഫൈനറി പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ജലവിതരണം നടത്തുന്ന പെരിയാര്‍ പമ്പിംഗ് സ്റ്റേഷനില്‍ വെള്ളം കയറിയത് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്താൻ ബിപിസിഎല്ലിന് കഴിഞ്ഞതായി അധികൃതർ പറഞ്ഞു.