പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് ഇളയദളപതി വിജയ് യുടെ സഹായം. എഴുപതു ലക്ഷം രൂപയാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫാന്‍സു വഴി വിജയ് കൈമാറിയത്. തമിഴ്നാട്ടിലെ വിജയ് ഫാന്‍സ് അസോസിയേഷന് ഈ തുക സമാഹരിച്ച് പ്രളയ ബാധിതര്‍ക്ക് ആവശ്യമായ സാമഗ്രികള്‍ മേടിച്ചിട്ടുണ്ട്. ഇത് ഇവിടുത്തെ ഫാന്‍സുമായി സഹകരിച്ച് കേരളത്തിലെത്തിച്ച് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം.
നേരത്തെ തമിഴ് നടന് വിജയകാന്ത് കേരളത്തിന് ഒരു കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തു. ഒരു കോടി രൂപ വരുന്ന അവശ്യവസ്തുക്കളാണ് വിജയകാന്ത് സഹായമായി നല്‍കുക. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന കേരള ജനതയ്ക്ക് സംസ്ഥാനത്തിനു പുറത്തുനിന്നും രാജ്യത്തിനു പുറത്തുനിന്നും സഹായപ്രവാഹങ്ങള്‍ നിലയ്ക്കാതെ എത്തുകയാണ്. ഷാരൂഖ് ഖാന്റെ അച്ഛന്റെ പേരിലുള്ള മീര്‍ ഫൗണ്ടേഷന് 21 ലക്ഷം രൂപയും നടി ജാക്വലിന് അഞ്ച് ലക്ഷം രൂപയും സംഭാവന നല്കി.
വിക്രം 35 ലക്ഷം രൂപ പ്രഖ്യാപിച്ചപ്പോള്‍ ജൂനിയര്‍ എന്‍ടിആര്‍ 25 ലക്ഷം രൂപയും നന്ദമുരി കല്യാണ്‍ 10 ലക്ഷം രൂപയും കമല്ഹാസന് 25 ലക്ഷവും നയന്‍താര പത്ത് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.തമിഴ് തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും നിരവധി താരങ്ങളാണ് സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം വിജയ് സേതുപതി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ധനുഷ് 15 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു.
ശങ്കര്‍ പത്തു ലക്ഷം, ജയം രവി പത്തുലക്ഷം, മുരുകദോസ് പത്ത് ലക്ഷം, ശിവകാര്‍ത്തികേയനും സിദ്ധാര്‍ഥും പത്ത് ലക്ഷം വീതം സംഭാവന നല്കി. സണ്‍ ടിവി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. പത്മപ്രിയ, രോഹിണി തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും അല്ലു അര്ജുന് 25 ലക്ഷം, പ്രഭാസ് 25 ലക്ഷം, വിജയ് ദേവരകൊണ്ട അഞ്ചു ലക്ഷം രൂപ എന്നിങ്ങനെ സംഭാവന നല്കി.