സ്വന്തം ലേഖകൻ
തൃശൂർ: പ്രളയക്കെടുതിയിൽ തൃശൂർ ജില്ലയിൽ നശിച്ചത് 48.94 കോടി രൂപയുടെ കൃഷി. 1,332.73 ഹെക്ടർ സ്ഥലത്തെ കൃഷിയാണു നശിച്ചത്. ഓണത്തിനായി കർഷകർ വളർത്തിയ പച്ചക്കറികളെല്ലാം നശിച്ചു. വാഴ, നെല്ല്, തെങ്ങ്, മരച്ചീനി, ജാതി, കുരുമുളക്, കവുങ്ങ്, റബർ എന്നീ കൃഷികളാണ് പ്രളയത്തിൽ നശിച്ചത്.
കൂടുതൽ നാശമുണ്ടായത് വാഴകൃഷിക്കും നെൽകൃഷിക്കുമാണ്. വാഴ കൃഷിയിനത്തിൽ 4.62 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ജയശ്രീ വെളിപ്പെടുത്തി. 292.98 ഹെക്ടർ സ്ഥലത്തെ വാഴ കൃഷി നശിച്ചതോടെ 3.96 കോടി രൂപയുടെ നഷ്ടമുണ്ടായി. കുലച്ച വാഴകളാണ് നശിച്ചത്. 24.6 ഹെക്ടർ സ്ഥലത്തെ കുലയ്ക്കാത്ത വാഴകളും നശിച്ചു. ഈയിനത്തിൽ 66.5 ലക്ഷം രൂപയാണു നഷ്ടം.
കൊയ്യാറായ നെൽകൃഷി 543.2 ഹെക്ടർ സ്ഥലത്തുണ്ടായിരുന്നു. വെള്ളം കയറി നശിച്ചതോടെ രണ്ടുകോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഓണവിപണിയിലേക്കു വരുമായിരുന്ന പയർ, വെണ്ട, വഴുതന, മത്തൻ, ഇളവൻ, പച്ചമുളക് തുടങ്ങിയ പച്ചക്കറി ഇനങ്ങളെല്ലാം നശിച്ചുപോയി.
മട്ടുപ്പാവിലെ കൃഷിപോലും അതിജീവിച്ചില്ല. 152.46 ഹെക്ടർ സ്ഥലത്തെ പച്ചക്കറികൾ നശിച്ചതോടെ 73.45 ലക്ഷം രൂപയാണു നഷ്ടമായത്. ജില്ലയിൽ നശിച്ച ഇതര ഇനം കൃഷികളുടെ വിസ്തൃതിയും സാന്പത്തിക നഷ്ടവും: തെങ്ങ്- 63,23 ഹെക്ടർ, 27.94 ലക്ഷം രൂപ. മരച്ചീനി- 191. 87 ഹെക്ടർ, 28.77 ലക്ഷം രൂപ. ജാതി- 49.33 ഹെക്ടർ, 1.56 ലക്ഷം. കുരുമുളക്- 1.09 ഹെക്ടർ, 33.58 ലക്ഷം. കവുങ്ങ്- 8.92 ഹെക്ടർ, 9.12 ലക്ഷം. റബർ- 4.77 ഹെക്ടർ, 36.64 ലക്ഷം.