വടക്കഞ്ചേരി: വിവാഹ ആഘോഷങ്ങൾ വെട്ടിച്ചുരുക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നവദന്പതികൾ ഒരു ലക്ഷം രൂപ നൽകി. വടക്കഞ്ചേരി നായനാർ ഹോസ്പിറ്റൽ പി.ആർ.ഒ കണക്കൻ തുരുത്തി പനച്ചേപ്പള്ളി സെബി ബ ഡെയ്സി ദന്പതികളുടെ മകൾ അനിറ്റും കാളാംകുളം കൊച്ചുപറന്പിൽ എമ്മാനുവൽ മേഴ്സി ദന്പതികളുടെ മകൻ ജിജോയുമാണ് ഈ സൽമാതൃകയുമായി മുന്നോട്ട് വന്നത്.
മുഖ്യമന്ത്രിയുടെ പേരിലുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് രാജഗിരി തിരുഹൃദയ പള്ളി വികാരി ഫാ.ജോസ് കൊച്ചുപറന്പിലിന് കൈമാറി. വിവാഹാഘോഷങ്ങളുടെ ഭാഗമായി ബുക്ക് ചെയ്തിരുന്ന ഗാനമേള, ഡാൻസ് പരിപാടികൾ, അലങ്കാരങ്ങൾ, ഭക്ഷണവിഭവങ്ങൾ തുടങ്ങിയവയെല്ലാം ഒഴിവാക്കി.
ഒരു തരം ഭക്ഷണം മാത്രമാണ് ഒരുക്കിയത്.പാലക്കാട് പാലന ആശുപത്രി പി.ആർ.ഒ ആണ് ജിജോ. പാലക്കാട് മേഴ്സി കോളജിലെ കന്പ്യൂട്ടർ വിഭാഗം അധ്യാപികയാണ് അനിറ്റ്.ആഘോഷങ്ങൾ ചുരുക്കി പ്രളയക്കെടുതിയിൽ കഷ്ട്ടപ്പെടുന്നവർക്ക് തങ്ങളാലാകുന്ന സഹായം നൽകുന്നതു വഴി മറ്റുള്ളവർക്കും ഇത്തരം മനുഷ്യത്വസമീപനങ്ങൾക്ക് പ്രചോദനമാകട്ടെയെന്നാണ് ജിജോയും അനിറ്റും ആഗ്രഹിക്കുന്നത്.