പാലക്കാട്: ക്യാന്പ് വിട്ട് മടങ്ങുന്ന പട്ടികവർഗ വിഭാഗക്കാർക്ക് വകുപ്പ് നടപ്പാക്കുന്ന ഭക്ഷ്യസഹായ പദ്ധതിയിലുൾപ്പെടുത്തി ഒന്പതിന ഭക്ഷ്യ ഇനങ്ങളായ അരി (15 കിലോ), പഞ്ചസാര ചെറുപയർ,ശർക്കര,വെളിച്ചെണ്ണ(ഓരോന്നും 500 ഗ്രാം വീതം), ഉപ്പ് (1 കിലോ), പരിപ്പ് (250 ഗ്രാം) ചായപ്പൊടി ,മുളകുപൊടി (200) ഓണക്കിറ്റുകളാണ് നൽകുന്നത്.
തങ്ങളുടെ സ്വപ്നങ്ങളും സ്വരുക്കൂട്ടിയ സന്പാദ്യവും ഒറ്റ രാത്രിക്കൊണ്ട് മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വെള്ളപൊക്കത്തിലും നഷ്ടപ്പെട്ട വേദന ഉള്ളിലൊതുക്കി ഉൗരുകളിലേക്ക് മടങ്ങുന്നവർക്ക് സഹായമൊരുക്കി ജില്ലാഭരണകൂടവും അതത് വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായി തന്നെയുണ്ട്.
ജില്ലയിൽ നെല്ലിയാന്പതിയുൾപ്പെടെയുള്ള വിവിധ പ്രദേശത്തെ 513 ഓളം ഉൗരുകളിലെ ആദിവാസിവിഭാഗ കുടുംബങ്ങളാണ് ദിവസങ്ങളായി വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. മഴക്കെടുതിയിൽ ഭാഗികമായി വീട് നഷ്ടപ്പെട്ടവർക്കായി പട്ടികവർഗവകുപ്പ് അറ്റകുറ്റപണികൾ നടത്തുകയും അടിയന്തരമായി ആരോഗ്യ വകുപ്പിന്റെ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും 36 ഓളം കുടുംബങ്ങളാണ് വീടുകളിലേക്ക് മടങ്ങിയത്. കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര, കരിന്പ, അലനല്ലൂർ, മുതലമട, കിഴക്കഞ്ചേരി,അയിലൂർ, മലന്പുഴ,നെല്ലിയാന്പതി, ഷോളയൂർ, പുതൂർ, അഗളി ഗ്രാമപഞ്ചായത്തുകളിലെ കരടിയോട്, അന്പലപ്പാറ, തോടുകാട്, കാരാപ്പാടം, പൊതുവപ്പാടം, പാലവളവ്, വാക്കോട്, തുടിക്കോട്, മരുതംകാട്, ഉപ്പുകുളം, പൂപ്പാറ,കവിളുപാറ, വി.ആർ.ടി.കവ കോളനി, കൽച്ചാടി, മയിലാടുംപരുത, വെള്ളെഴുത്താൻപൊറ്റ, എലകുത്താൻപാറ, എലാക്ക്, മുപ്പൻചോല, പൂക്കുണ്ട്, ആനക്കൽ, കൊച്ചിത്തോട്, പറച്ചാത്തി, ചെറുനെല്ലി ഉൗരുകളിലാണ് മഴക്കെടുതി ഉണ്ടായത്.