കൊല്ലം: പ്രതിഫലേച്ഛ കൂടാതെ സാഹസിക സേവനത്തിലൂടെ ദുരന്തമുഖത്ത് നിന്ന് നൂറുകണക്കിന് ജീവനുകൾ രക്ഷിച്ച മത്സ്യതൊഴിലാളികൾ അഭിനന്ദനമർഹിക്കുന്നതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.പ്രളയക്കെടുതിയിൽ മത്സ്യതൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനം സമാനതകളില്ലാത്തതാണ്.
സ്വന്തം വള്ളങ്ങളും ബോട്ടുകളുമായി ആരുടെയും പ്രേരണയോ സമ്മർദമോ സ്വാധീനമോ കൂടാതെ സ്വമേധയാ സ്വന്തം ചെലവിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യതൊഴിലാളികളെ എല്ലാ നിലയിലും സഹായിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും എം.പി പറഞ്ഞു.
നാശനഷ്ടം സംഭവിച്ച ബോട്ടുകളും വള്ളങ്ങളും അറ്റകുറ്റപ്പണി ചെയ്യുന്നതിനുള്ള തുകയും ഇന്ധനച്ചെലവും നൽകുന്നതോടൊപ്പം മാന്യമായ പാരിതോഷികം നൽകി മത്സ്യതൊഴിലാളികളെ ആദരിക്കാൻ സർക്കാർ തയ്യാറാകണം.
തീരദേശ മേഖലയിലധിവസിക്കുന്ന മത്സ്യതൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനുതകുന്ന സമഗ്രമായ ഒരു പാക്കേജിന് രൂപം നൽകണമെന്നും എം.പി ആവശ്യപ്പെട്ടു.
ഓഖി ദുരന്തമുണ്ടായപ്പോഴും രക്ഷാപ്രവർത്തനത്തിൽ മുൻപന്തിയിൽ നിന്നത് മത്സ്യതൊഴിലാളികളായിരുന്നു. ഓഖി ദുരന്തത്തിന് ശേഷം മത്സ്യതൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകി തീരദേശ രക്ഷാസേന രൂപീകരിക്കുമെന്ന് സർവകക്ഷിയോഗത്തിൽ ഗവണ്മെന്റ് ഉറപ്പു നൽകിയെങ്കിലും നാളിതുവരെ തുടർനടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
പരിശീലനം സിദ്ധിച്ച മത്സ്യതൊഴിലാളികളെ ഉൾപ്പെടുത്തി ദുരന്തരക്ഷാസേന രൂപീകരിക്കുന്ന കാര്യം സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.