പത്തനാപുരം: കലിതുളളി ഒഴുകിയ വരട്ടാറിനേയും മണിമലയാറിനേയും പമ്പയാറിനെയും അതിജീവിച്ച് റെനിയും സാംസനും ചേര്‍ന്ന് കരകളിലെത്തിച്ചത് നൂറുകണക്കിന് ജീവനുകള്‍.അഞ്ച് ദിവസത്തെ രക്ഷാ പ്രവര്‍ത്തനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇരുവരും പങ്കുവെച്ചത് ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ്.
വെളളത്തില്‍ മുങ്ങിയ വീടുകളില്‍ നിന്നും വയോധികരെയും കൈകുഞ്ഞുങ്ങളേയുമടക്കം രക്ഷപെടുത്തി കൊണ്ടുവരുന്നതിനിടെ ബോട്ടിന്റെ ഡീസല്‍ തീര്‍ന്നതും കുത്തൊഴുക്കില്‍ പെട്ട് തുരുത്തില് അകപ്പെട്ടുപോയതടക്കം നിരവധി നേര് അനുഭവങ്ങളാണ് റെനിയും സാംസനും പറഞ്ഞത്.പത്തനാപുരം സ്വദേശികളായ ഇവര്‍ അണ്ടര്‍ വാട്ടര്‍ ഡൈവേഴ്സാണ്.അതായത് കടലിന്റെ അടിതട്ടില്‍ വരെ ജോലിചെയ്യുന്നവര്‍.
അതിനാല്‍ കരകവിഞ്ഞൊഴുകിയ ആറ്റിലേക്ക് എടുത്തുചാടുവാനും വീടുകളിലെ ടെറസിന്റെ മുകളില്‍ അകപ്പെട്ടുപോയവരെ രക്ഷിക്കുവാനും ഇരുവര്‍ക്കും അധികം ആലോചിക്കേണ്ടി വന്നില്ല.രാജ്യത്തിന് പുറത്തും നിരവധി രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാകുവാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.വെളളത്തെ ഭയക്കരുത് അതിജീവിക്കുകയാണ് വേണ്ടതെന്നും ഈ രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.