അരീക്കോട്: അധികാരികളുടെ മുന്നിൽ കൈകൂപ്പി തോറ്റു. തോരാതെ പെയ്യുന്ന മഴയിൽ ഒന്ന് അക്കരെ പറ്റാൻ ജീവൻ പണയം വയ്ക്കണം. ഏറനാട് മണ്ഡലത്തിൽ ഉൗർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയത്തെ ആദിവാസി കുടുംബങ്ങളാണ് പാലം ഇല്ലാത്തതിന്റെ പേരിൽ ദുരിതം പേറേണ്ടി വരുന്നത്.
ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും മൂലം കൊടുംപട്ടിണിയിലായ മുപ്പതോളം കുടുംബങ്ങൾക്ക് കുത്തിയൊലിച്ച് പോകുന്ന മലവെള്ളപ്പാച്ചിൽ മറികടന്ന് കൃഷിയിടത്തിലേക്ക് എത്താനും മാർഗമില്ല.
എംഎൽഎക്കും കളക്ടർക്കും മുന്നിൽ നിരവധി തവണ പരാതി നൽകിട്ടും പാലം മാത്രം ഇപ്പൊഴും വന്നിട്ടില്ല. ഉരുളൻ പാറക്കല്ലുകൾ നിറഞ്ഞ ചെറുപുഴ മഴക്കാലത്ത് രൗദ്രഭാവം പൂണ്ട് നിറഞ്ഞൊഴുകുന്പോൾ ഇവിടത്തുകാർ ആശ്രയിക്കുന്നത് കമുക് ചീന്തുകൾ കൊണ്ടും മരപ്പലക കൊണ്ടും കെട്ടിയുണ്ടാക്കിയ പാലമാണ്.
പുഴയിലൂടെ ഒഴുകിവരുന്ന മരക്കഷ്ണങ്ങളും മറ്റും നിരന്തരം തട്ടി ഏത് നിമിഷവും പൊളിഞ്ഞുവീഴാവുന്ന നിലയിലാണ് ഈ നടപ്പാലം. അങ്കണവാടിയിൽ പഠിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളും ചവിട്ടുന്പോൾ ചാഞ്ചാടുന്ന പാലത്തിലെ യാത്രികരാണ്.
വൃദ്ധരായവർ മഴക്കാലത്ത് വീട്ടിൽ ഒതുങ്ങിക്കൂടാറാണ് പതിവ്. രോഗികളായവരെ ചുമലിലേറ്റി പുഴ മുറിച്ച് കടന്നുവേണം ആശുപത്രിയിലെത്തിക്കാൻ.