കൊച്ചി: കേരളത്തെ മുക്കിയ പ്രളയത്തെ തുടർന്ന് പൂർണമായും അടച്ചുപൂട്ടിയ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും 29 മുതൽ വിമാന സർവീസ് പുനരാരംഭിക്കും. വരുന്ന ബുധനാഴ്ച ഉച്ചയ്ക്കു രണ്ടു മുതലാണ് സർവീസ് ആരംഭിക്കുന്നത്.
നേരത്തെ പ്രഖ്യാപിച്ചിരുന്നതിലും വൈകിയാണ് സർവീസ് ആരംഭിക്കുന്നത്. ഈ മാസം 26 വരെ വിമാനത്താവളം അടച്ചിടുമെന്നായിരുന്നു അറിയിപ്പ്.റൺവേയുടെയും അന്താരാഷ്ട്ര ടെർമിനലിന്റേയും ശുചീകരണ പ്രവർത്തനങ്ങൾ ചൊവ്വാഴ്ച പൂർത്തിയാക്കിയിരുന്നു. ടെർമിനൽ 3 യിലെ മെഷിനറികളാണ് ഇനി നന്നാക്കാനുള്ളത്.
വെള്ളം കയറിയതുമൂലം ഏറ്റവും കൂടുതൽ നഷ്ടം വന്നിരിക്കുന്നത് ടെർമിനൽ 3 യിലാണ്. മെഷിനറികൾകൂടി നന്നാക്കി കഴിഞ്ഞാലേ വിമാനത്താവളത്തിനു വന്നിട്ടുള്ള യഥാർഥ നഷ്ടം കണക്കാക്കാനാവൂ.