അയ്മനം: രേഷ്മയ്ക്ക് പുത്തൻ പുസ്തകവും പുത്തനുടുപ്പും കിട്ടുമോ. വല്യാട് പുലിക്കുട്ടിശേരി ഉപ്പിലേരി വീട്ടിൽ സുരേഷിന്റെ കൊച്ചുമകളാണ് രേഷ്മ. ഇന്നലെ ദുരിതാശ്വാസ ക്യാന്പിൽ നിന്ന് വീട്ടിലെത്തിയ ഉടൻ രേഷ്മ തെരഞ്ഞത് തന്റെ പാഠപുസ്തങ്ങൾ നശിച്ചോ എന്നായിരുന്നു. പാതി നനഞ്ഞ് കുത്തുവിട്ട പുസ്തകവും അക്ഷരങ്ങൾ പാതി മാഞ്ഞുപോയ നോട്ടു ബുക്കും രേഷ്മയുടെ കണ്ണുകളെ ഈറണിയിച്ചു.
പുത്തൻ ബാഗും പുസ്തകവും എല്ലാം ലഭിക്കുമെന്ന അച്ഛന്റെ വാക്കുകളാണ് അവൾക്ക് ആശ്വാസമായത്. സുരേഷും ഭാര്യ രമയും വെള്ളം ഇറങ്ങുന്ന മുറയ്ക്ക് വീടു വൃത്തിയാക്കി. വീട്ടുപകരണങ്ങൾ എല്ലാം നശിച്ചു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യസാധനങ്ങൾ ഒന്നുമില്ല. അലമാരിയിൽ സൂക്ഷിച്ചിരുന്ന അരിയും മുളകും വെള്ളം കയറിയെങ്കിലും തെളിഞ്ഞ വെയിലിൽ രമ വെയിലത്ത് ഉണക്കിയെടുക്കുകയാണ്.
മഴയിൽ കുതിർന്ന വിറകു കഷണങ്ങൾ ഉണക്കിയെടുത്ത് അടുക്കളയിലേക്ക് എത്തിച്ചു. ഉച്ചഭക്ഷണം ഉണ്ടാക്കി പുതിയ ജീവിതത്തിലേക്ക് ഈ കൊച്ചുകുടുംബം തിരികെ കയറുകയാണ്. പുലിക്കുട്ടിശേരി, ഐക്കരച്ചിറ പ്രദേശങ്ങളിലും വെള്ളം ഇറങ്ങിയ വീടുകളിൽ വൃത്തിയാക്കൽ ജോലികൾ പുരോഗമിക്കുകയാണ്. മുറ്റത്തെ വെള്ളം ഉപയോഗിച്ചാണു വീടിനുള്ളിലെ ചെളിയും മാലിന്യങ്ങളും ചൂല് ഉപയോഗിച്ച് വൃത്തിയാക്കുന്നത്.
പള്ളിയാടം പ്രദേശത്തും വീടുകളിൽനിന്നും വെള്ളം ഇറങ്ങി തുടങ്ങി. ഇവിടെയും ക്യാന്പുകളിൽ നിന്നും മടങ്ങിയെത്തി വീടുകളിലേക്കു മിക്കവരും താമസമാക്കി. റോഡിലും പാടത്തും മാത്രമാണ് ഇനി വെള്ളമിറങ്ങാനുള്ളത്. പ്രളയത്തിൽ മുങ്ങിയ അയ്മനം പഞ്ചായത്തിലെ ജനങ്ങളെ പുതുജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാൻ എല്ലാ സംവിധാനവും പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഒരുക്കുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചൻ, വൈസ്പ്രസിഡന്റ് മിനി മനോജ്, അംഗങ്ങളായ ഒ.ജി. ഉല്ലാസൻ, വിജി രാജേഷ് മറ്റ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ക്യാന്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും അവശ്യവസ്തുക്കളും നൽകി വരുന്നു.
പഞ്ചായത്ത് ഓഫീസ് തന്നെ കളക്ഷൻ സെന്ററാക്കി മാറ്റിയാണു വീട്ടിലേക്ക് മടങ്ങുന്നവർക്ക് കിറ്റുകൾ നൽകുന്നത്. കുടിവെള്ള സ്രോതസുകൾ ക്ലോറിനേഷൻ നടത്തുന്നതിനും മെഡിക്കൽ ക്യാന്പുകൾ നടത്തുന്നതിനും പഞ്ചായത്ത് കർമ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങൾക്ക് സൗജന്യ വൈക്കോൽ വിതരണവും ആരംഭിച്ചിട്ടുണ്ട്.