തൃശൂർ: നാടിനകമാണ് നാടകമെന്ന് പറയാറുണ്ട്. നാടകം കളിച്ച് നാടിന്റെ കണ്ണീരൊപ്പാൻ കുട്ടിക്കൂട്ടം നേടിയ തുകയ്ക്ക് കോടികളുടെ മൂല്യം. ഒറ്റ പ്രസവത്തിൽ പിറന്ന പതിനൊന്നു വയസുകാരായ മൂവർ സംഘമാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കണ്ടെത്താൻ തങ്ങൾ വായിച്ച പുസ്തകത്തെ അധികരിച്ച് നാടകം കുടുംബകൂട്ടായ്മയിൽ അവതരിപ്പിച്ച് പണം സ്വരൂപിച്ചത്.
കുരിയച്ചിറ നെഹ്റു നഗറിൽ താമസിക്കുന്ന ആലപ്പാട്ട് പാലത്തിങ്കൽ എൻജിനീയർ ടോണി ജോസഫിന്റെ പേരക്കുട്ടികളാണ് ആന്റണി, എലിസബത്ത്, റീത്ത എന്നീ മൂവർ സംഘം. ദോഹ മോഡേണ്‍ ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളായ ഇവർ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് മഹാപ്രളയത്തിനും ദുരിതക്കാഴ്ചകൾക്കും സാക്ഷികളായത്.
പ്രളയദുരിതാശ്വാസ നിധിയിലേക്ക് എന്തു കൊടുക്കാമെന്ന് ഇവർ ചിന്തിച്ചപ്പോഴാണ് നാടകം കളിച്ച് ഫണ്ട് കണ്ടെത്താമെന്നു തീരുമാനിച്ചത്. തങ്ങൾ വായിച്ച ചാർളി ആൻഡ് ദി ചോക്ലേറ്റ് ഫാക്ടറി എന്ന കഥയാണ് ഇവർ നാടകമായി അവതരിപ്പിച്ചത്.
ചെറിയൊരു ചാർജ് ഈടാക്കിയാണ് കുടുംബ കൂട്ടായ്മക്കെത്തിയവരുടെ മുന്നിൽ ഇവർ നാടകം അവതരിപ്പിച്ചത്. അങ്ങനെ ഇവർ നേടിയ 70 രൂപ അവിടെ എത്തിയ ഏങ്ങണ്ടിയൂർ എംഐ മിഷൻ ആശുപത്രി ഡയറക്ടർ ഫാ.ഡോ. ഫ്രാൻസിസ് ആലപ്പാട്ടിന് കൈമാറുകയും ചെയ്തു.
തന്റെ മക്കൾ കാണിച്ച സൽപ്രവൃത്തിയുടെ മാതൃകയിൽ സന്തോഷവും അഭിമാനവും തോന്നിയ ഇവരുടെ പിതാവ് വിനു ടോണി ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ സംഭാവന നൽകി. അവധി കഴിഞ്ഞ് തിരികെ ദോഹയിലേക്ക് പോകുന്ന തങ്ങൾ സ്കൂളിലെത്തുന്പോൾ നാട്ടിൽ കണ്ട പ്രളയത്തെക്കുറിച്ചും ദുരിതങ്ങളെക്കുറിച്ചുമെല്ലാം പറയുമെന്ന് മൂവർ സംഘം പറഞ്ഞു.