കൊച്ചി: പലതവണ മരണത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന താൻ ഇപ്രാവശ്യം കടപ്പെട്ടിരിക്കുന്നത് മത്സ്യത്തൊഴിലാളികളോടാണെന്ന് നടൻ സലിംകുമാർ. പ്രളയത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ അനുമോദിക്കാൻ വൈപ്പിൻ ഗോശ്രീ ഫിഷിംഗ് ഹാർബറിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെയും കുടുംബത്തിന്റെയും ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികളോടുള്ള സ്നേഹവും നന്ദിയും എന്നും മനസിൽ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ ശക്തിയാണ് ബോട്ടുകളും മത്സ്യത്തൊഴിലാളികളും എന്ന് ചടങ്ങിൽ സംസാരിച്ച കളക്ടർ മുഹമ്മദ് സഫിറുള്ള പറഞ്ഞു.
എണ്ണൂറിലധികം മത്സ്യത്തൊഴിലാളികളുടെ ശ്രമഫലമായിട്ടാണ് പ്രളയബാധിത പ്രദേശങ്ങളിലെ മരണസംഖ്യ പരിമിതപ്പെടുത്താൻ സാധിച്ചത്. പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ വഹിച്ച പങ്ക് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. 1800 ലധികം പേരുടെ ജീവൻ രക്ഷിച്ച പൂങ്കാവനം വള്ളത്തിന്റെ കണ്‍വീനർ സന്തോഷിനെ കളക്ടർ ചടങ്ങിൽ ആദരിക്കുകയും ഓണക്കിറ്റ് നൽകുകയും ചെയ്തു.