മൂവാറ്റുപുഴ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നഗരസഭ അനുവദിച്ചു നൽകിയ വീട് രാജനും കുടുംബത്തിനും നഷ്ടമായി. പ്രളയ ദുരന്തത്തിൽ വീട് നഷ്ടമായതോടെ രാജൻ നാലു വയസുകാരിയായ മകളടങ്ങുന്ന കുടുംബത്തിനൊപ്പം ഇപ്പോഴും ദുരിതാശ്വാസ ക്യാന്പിൽ കഴിയുകയാണ്.
മൂവാറ്റുപുഴ നഗരസഭ 20-ാം വാർഡിലേ കൊന്നയ്ക്കൽ കോളനി പുൽപറന്പിൽ രാജനും കുടുംബവുമാണ് വീടിനു സമീപത്തെ എൻഎസ്എസ് കരയോഗം ക്യാന്പിൽ ജീവിതം കഴിച്ചു കൂട്ടുന്നത്. സ്വന്തമായുണ്ടായിരുന്ന മൂന്ന് സെന്റ് സ്ഥലത്ത് എട്ടു വർഷം മുന്പ് നഗരസഭ നൽകിയ തുക ഉപയോഗിച്ചാണ് വീട് നിർമിച്ചത്.
കൂലി വേല ചെയ്താണ് രാജന് കുടുംബം പുലർത്തിയിരുന്നത്. സിമന്റ് തേയ്ക്കാത്ത കൊച്ചു വീടിനു മുന്നിലെ പാടത്ത് നഗരസഭ സംരക്ഷണഭിത്തി കെട്ടി നൽകാനിരിക്കെ മുറ്റത്തിന്റെ ഒരു ഭാഗം തകർന്നതും കുടുംബത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
കനത്ത മഴയെ തുടർന്നു പുലർച്ചെ 5.30ഓടെ വീടിനു മുറ്റത്തേക്ക് വെളളം കയറുന്നതു കണ്ട രജിത ഭർത്താവ് അരുണിനെ വിവരം അറിയിച്ചു. അരുണ് പിതാവ് രാജനെയും അമ്മ അമ്മിണിയെയും വിവരം അറിയിക്കുന്പോഴേയ്ക്കും വെള്ളം വീടിന്റെ ഇറയത്തെത്തിയിരുന്നു.
നാട്ടുകാരുടെയും മറ്റും നിർദേശ പ്രകാരം വീടിനു സമീപത്തെ കരയോഗ മന്ദിരത്തിൽ അഭയം പ്രാപിച്ച് മണിക്കൂറുകൾക്കുള്ളിൽ വീട് പൂർണമായി വെള്ളത്തിനടിയിലായി. ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലായിരുന്നു രാജനും കുടുംബാംഗങ്ങളുമെങ്കിലും ദിവസങ്ങളോളം വീട്ടിൽനിന്നു വെള്ളം ഇറങ്ങാതായതോടെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു.
ഞായറാഴ്ച ക്യാന്പിൽനിന്നു വീട്ടിലെത്തിയപ്പോൾ ഉള്ളിലേക്കു കയറാൻ ഭയം ജനിപ്പിക്കുന്ന തരത്തിലായിരുന്നു വീട്. വിള്ളൽ വീണ് കുതിർന്ന ഭിത്തി ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. തറയിലും വിള്ളൽ വീണിട്ടുണ്ട്.