മുതലമട: പുളിയന്തോണിയൽ നിലന്പതിപ്പാലം തകർന്നതോടെ പള്ളം, നാഗർപാടം, ചെട്ടിയാർച്ചള്ള ടൗണിലെത്തുന്നതിനുള്ള ഗതാഗതതടസം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമായി. ഒരാഴ്ചമുന്‍പാണ് മീങ്കര, ചുള്ളിയാർ അണക്കെട്ടുകളുടെ ഷട്ടർ തുറന്നു ഗായത്രിപുഴയിൽ വെള്ളംവിട്ടതോടെ പുളിയന്തോണി നിലന്പതിപാലം തകർന്നത്.
പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് അന്‍പതടി നീളത്തിലാണ് ഒഴുകിപോയത്. ഇതുമൂലം പാലത്തിനു വടക്കുഭാഗത്തുള്ളവർക്ക് കാന്പ്രത്തുചള്ള ടൗണുമായുള്ള ബന്ധം നിലച്ചു. നിലവിൽ പാലക്കാടുനിന്നും നന്ദിയോട് വഴിയെത്തുന്ന എട്ടോളം ബസുകൾ പള്ളംവരെയെത്തി തിരിച്ചുപോകുകയാണ്.
പള്ളത്തുനിന്നും ആനമാറി, നെണ്ടൻകിഴായ, കാന്പ്രത്ത്ചള്ള ടൗണിലെത്തി മടങ്ങണമെങ്കിൽ പന്ത്രണ്ടുകിലോമീറ്റർ അധികദൂരം സഞ്ചരിക്കണം. ഇതുമൂലം സമയത്തിൽ വ്യത്യാസം വരുന്നതോടെ മറ്റു ബസ് ജീവനക്കാരുമായി വഴക്കുണ്ടാകുന്നതും പതിവാണ്.
നിലവിൽ സ്കൂളുകൾക്ക് ഓണാവധിയാണെങ്കിലും അടുത്തയാഴ്ച സ്കൂൾ തുറക്കുന്നതോടെ പാലത്തിന്റെ വടക്കുഭാഗത്തു താമസിക്കുന്നവർക്ക് ചുള്ളിയാർമേട് സ്കൂളിലെത്താൻ ഏറെ വലയേണ്ടിവരും.തകർന്ന നിലന്പതിപാലം പുനർനിർമിക്കണമെങ്കിൽ അഞ്ചുമാസമെടുക്കും.
ഇതുവരെ വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. മുതലമട പ്രാഥമികാരോഗ്യകേന്ദ്രം, വില്ലേജ്, പഞ്ചായത്ത് ഓഫീസുകൾ, വൈദ്യുതി, ബാങ്കുകൾ എന്നിവയെല്ലാം പ്രവർത്തിക്കുന്നത് കാന്പ്രത്ത് ചള്ളയിലാണ്.