തങ്ങളുടെ അവസ്ഥയും സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്ത് തങ്ങളാലാവുന്ന സഹായമാണ് കേരളത്തിലെ ഓരോ വ്യക്തിയും പ്രളയത്തില്‍ പെട്ട് വേദനിക്കുന്നവര്‍ക്കുവേണ്ടി ചെയ്തു വരുന്നത്.
മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം നല്കി മാതൃകയായിരിക്കുകയാണിപ്പോള് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ കുടുംബം. ഇടുക്കി വണ്ടിപ്പെരിയാര്‍ പ്രദേശത്ത് വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ രണ്ട് ഏക്കര്‍ പത്ത് സെന്റ് സ്ഥലം വാഗ്ദാനം ചെയ്തത് സിവില്‍ സപ്ലൈസ് റേഷന്‍ ഇന്‍സ്പെക്ടറും, വില്ലേജില്‍ ഓഫീസ് ഉദ്യോഗസ്ഥയായ ഭാര്യയുമാണ്.
ഇടുക്കി പീരുമേട് താലുക്കിലെ റേഷന്‍ ഇന്‍സ്പെക്ടറായ ഗണേശന്, പെരിയാര്‍ വില്ലേജ് യു.ഡി ക്ലാര്‍ക്കായ ഭാര്യ എഴിലരശി എന്നിവരുടെ തീരുമാനത്തെ സ്വാധീനിച്ചത് ദുരിതാശ്വാസ ക്യാമ്പിലെ ആളുകളുടെ കണ്ണീരും സങ്കടവും തന്നെയാണ്. റവന്യു ജീവനക്കാരായതിനാല്‍ ഇരുവര്‍ക്കും ക്യാംപുകളില്‍ ചുമതലയും ഉണ്ടായിരുന്നു.
അവിടങ്ങളിലുള്ളവരുടെ അവസ്ഥ മനസിലാക്കിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. പലര്‍ക്കും ക്യാംപ് വിട്ടിറങ്ങിപ്പോകാന്‍ ഇടമില്ലെന്ന് കണ്ടതോടെയാണ് സ്വന്തം ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന് വിട്ടതോടെ പെരിയാറൊഴുകിയ വള്ളക്കടവ് മുതല്‍ ചപ്പാത്ത് വരെയുള്ള ഭാഗത്ത് 95 ഓളം വീടുകള്‍ ആണ് പൂര്‍ണമായും ഭാഗികമായും തകര്‍ന്നത്. സര്‍ക്കാരിന് ഭൂമി കൈമാറി.
മുപ്പത് കുടുംബങ്ങള്‍ക്കെങ്കിലും താമസ സൗകര്യമൊരുക്കാനാണ് പദ്ധതി. തങ്ങള്‍ കൊടുത്ത സ്ഥലത്ത് ആവശ്യക്കാര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്കാന് ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ഗണേശന്. ഇത്തരം നന്മ നിറഞ്ഞ ആളുകളാണ് കേരളത്തെ താങ്ങി നിര്‍ത്തുന്നതെന്ന് ഇനിയും ആവര്‍ത്തിക്കേണ്ടതില്ല. കാരണം പലരും മത്സരിച്ച് ഇക്കാര്യം തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ.