പാട്ടയും കാർഡ്ബോർഡും പെറുക്കി ലഭിച്ച തുക മഴക്കെടുതി മൂലം ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി തമിഴ്നാട് സ്വദേശിയായ രാജമ്മ മാതൃകയാകുന്നു. ഏരിയപ്പള്ളി ഗാന്ധിനഗർ കോളനിവാസി രാജമ്മയാണ് തന്റെ സന്പാദ്യം ദുരിതാശ്വാസ പ്രവർത്തനത്തിനായി നൽകിയത്.
ചെന്നൈയിലെ രാജേശ്വരി ക്ഷേത്രത്തിലേക്ക് കർക്കിടക മാസം ഒന്ന് മുതൽ വീടുകളിൽ നിന്നും നേർച്ചയായി ലഭിച്ച പണവും ഇതിനോടൊപ്പമുണ്ട്. പുൽപ്പള്ളി പോലീസ് സ്റ്റേഷനിലാണ് രാജമ്മ പണം ഏൽപിച്ചത്.
ക്ഷേത്രത്തിലേക്കുള്ള വഴിപാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് തന്റെ മനസിൽ ഉദിച്ച ആശയമായിരുന്നുവെന്ന് രാജമ്മ പറഞ്ഞു. വർഷങ്ങളായി പുൽപ്പള്ളി ടൗണിലും പരിസര പ്രദേശങ്ങളിലും നിന്നുമുള്ള പഴയ വസ്തുക്കൾ ശേഖരിച്ചായിരുന്നു രാജമ്മ ഉപജീവനം നടത്തിയിരുന്നത്.
പുൽപ്പള്ളി പഞ്ചായത്ത് സൗജന്യമായി നൽകിയ ഏരിയപ്പള്ളിയിലുള്ള വീട്ടിലാണ് രാജമ്മയും കുടുംബവും താമസിക്കുന്നത്. രാജമ്മയിൽ നിന്നും പുൽപ്പള്ളി എഎസ്ഐ എം.കെ. സാജു പണം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്തംഗം സണ്ണി തോമസിനെ പണം ഏൽപ്പിച്ചു.