700 കോടി പ്രഖ്യാപിച്ചിട്ടില്ല; യുഎഇ സഹായം പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രം; യുഎഇ സ്ഥാനപതിയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതിയിൽ വിറങ്ങലിച്ച കേരളത്തിന് ദുരിതാശ്വാസമായി നല്‍കേണ്ട തുക സംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് യുഎഇ. ഇക്കാര്യത്തില്‍ വിലയിരുത്തലുകള്ളും പരിശോധനകളും നടക്കുന്നതേയുള്ളുവെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകി അഭിമുഖത്തിലാണ് സ്ഥാനപതിയുടെ വെളിപ്പെടുത്തല്‍.

കേരളത്തിന് യുഎഇ 700 കോടി നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്. എന്നാൽ വിദേശ സഹായം സ്വീകരിക്കാനാവില്ലെന്ന കേന്ദ്ര നിലപാടേ പുറത്ത് വന്നതോടെ ഇത് സംബന്ധിച്ച് വിവാദം പൊട്ടിപ്പുറപ്പെട്ടു. കേന്ദ്ര നിലപാടിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യുഎഇ സ്ഥാനപതി വിശദീകരണവുമായി രംഗത്തെത്തിയത്.

യുഎഇയില്‍ ഒരു എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഈ കമ്മിറ്റി കേരളത്തിന് എന്തെല്ലാം സഹായങ്ങള്‍ വേണം എന്ന കാര്യത്തില്‍ കൂടിയാലോചന നടത്തുന്നുണ്ടെന്നുമാണ് സ്ഥാനപതി വ്യക്തമാക്കിയത്. എന്നാൽ യുഎഇ ഭരണാധികാരിയും മുഖ്യമന്ത്രിയും തമ്മിൽ സംസാരിച്ച ഘട്ടത്തിൽ എന്തെങ്കിലും സഹായം അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നോ എന്ന കാര്യത്തേക്കുറിച്ച് സ്ഥാനപതി ഒന്നും പറഞ്ഞില്ല.

Related posts