ആലപ്പുഴ: അപ്പാ.. ഞാൻ എവിടൊക്കെ തെരഞ്ഞു, എന്തിനാ തനിയെ പോന്നത്… – ഒാടിയെത്തിയ അനിൽ ചാക്കോ എന്ന പതിനെട്ടുകാരൻ ഇതും പറഞ്ഞ് ഒാടിയെത്തി അപ്പനെ കെട്ടിപ്പിടിച്ചപ്പോൾ കണ്ടുനിന്നവർക്കും ആശ്വാസം.
ആലപ്പുഴ വട്ടയാൽ സെന്റ് മേരീസ് എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലായിരുന്നു അപ്പനും മകനും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം തൊട്ടറിഞ്ഞ ഈ കാഴ്ച. മൂന്നു ദിവസത്തെ ആധിയും വേദനയുമാണ് ഈ ഒരു നിമിഷം അലിഞ്ഞില്ലാതായത്.
അമ്മ മോളി വിദേശത്തും മകൾ അന്ന അനിത ചാക്കോ ഹൈദരാബാദിൽ നഴ്സിംഗും പഠിക്കാൻ പോയതോടെ മങ്കൊന്പ് തെക്കെക്കര മുരിവേലിച്ചിറ വീട്ടിൽ എം.ജെ.ചാക്കോ(48)യും മകൻ അനിൽ ചാക്കോയും വീട്ടിൽ തനിച്ചാണ് താമസം. വെള്ളം കയറിത്തുടങ്ങിയ വെള്ളിയാഴ്ച രാവിലെ പത്തോടെ കടയിലേക്കു സാധനങ്ങൾ വാങ്ങാൻ പോയതാണ് അനിൽ.
നോക്കി നിൽക്കവേ വെള്ളം അതിവേഗം ഉയരാൻ തുടങ്ങി. ചാക്കോ പുറത്തിറങ്ങി നോക്കിയപ്പോൾ അയൽവാസികൾ ഒാരോരുത്തരായി വള്ളത്തിലും ബോട്ടിലുമൊക്കെയായി രക്ഷപ്പെടുന്നു. ചാക്കോയ്ക്കു തെല്ല് ആശങ്ക തോന്നി. മൊബൈൽ എടുത്തു മകനെ വിളിക്കാൻ നോക്കിയപ്പോൾ റേഞ്ച് കിട്ടുന്നില്ല.
വളരെ പെട്ടെന്നു ചുറ്റുപാടുകൾ വിജനമാകുന്നതായി ചാക്കോയ്ക്കു തോന്നി. ഉച്ചയായിട്ടും മകനെ കാണുന്നില്ല. ആശങ്കയോടെ നിൽക്കുന്പോഴാണ് വലിയൊരു കെട്ടുവള്ളം വന്നത്. അതിലുണ്ടായിരുന്നവർ ചാക്കോയെ രക്ഷപ്പെട്ടു പോരാൻ വിളിച്ചു. മകൻ കടയിലേക്കു പോയതാണെന്നും അവൻ വരാൻ കാത്തുനിൽക്കുകയാണെന്നും ചാക്കോ പറഞ്ഞു. എന്നാൽ, അവൻ വന്നോളുമെന്നും ഇനി കാത്തുനിന്നാൽ രക്ഷപ്പെടാൻ മറ്റൊരു വള്ളം കിട്ടില്ലെന്നും വന്നവർ പറഞ്ഞു.
അവർ നിർബന്ധിച്ചതോടെ നെഞ്ചിൽ തീയുമായി ചാക്കോ ആ വള്ളത്തിൽ കയറി. നന്നായി നീന്താൻ അറിയാവുന്ന അനിൽ എങ്ങനെയെങ്കിലും രക്ഷപ്പെട്ടെത്തുമെന്ന് ചാക്കോയെ അവർ സമാധാനിപ്പിച്ചു. അങ്ങനെ ആ കെട്ടുവള്ളത്തിൽ ആലപ്പുഴ ജെട്ടിയിലെത്തി. തുടർന്ന് വട്ടയാൽ ക്യാന്പിലേക്ക്.
പക്ഷേ, അപ്പോഴെല്ലാം ഉള്ളിൽ തീയായിരുന്നു. മകനെ വിളിച്ചിട്ടു കിട്ടുന്നില്ല. മകനെക്കുറിച്ചുള്ള വേവലാതിയിൽ ഇരിക്കപ്പൊറുതി ഇല്ലാതെ ചാക്കോ പിറ്റേന്നു മകനെ തേടി ഇറങ്ങി. ഒരു വള്ളത്തിൽ കയറി നെടുമുടി വരെ എത്തിയെങ്കിലും വെള്ളക്കൂടുതലും ഒഴുക്കും കാരണം മുന്നോട്ടുപോകാനായില്ല. പലരും വിലക്കിയതോടെ അദ്ദേഹം വീണ്ടും ക്യാന്പിലേക്കു മടങ്ങി.
അതേസമയം, സാധനം വാങ്ങാൻ പോയ കടയിൽ വെള്ളം കയറിയതിനാൽ അവരെ സാധനങ്ങൾ ഉയർത്തിവയ്ക്കാൻ സഹായിച്ചതിനു ശേഷം ഉച്ചയോടെ വെള്ളത്തിൽ നീന്തി അനിൽ വീട്ടിലെത്തി. പക്ഷേ, ആരേയും കാണാനില്ല. വീട്ടിലെന്നല്ല, ആ നാട്ടിൽ ആരുമില്ല. അപ്പനെ എല്ലായിടത്തും തെരഞ്ഞു.
ഉറക്കെ വിളിച്ചുനോക്കി. ചോദിക്കാൻ ആരെയും കാണുന്നില്ല. അപ്പൻ പ്രളയത്തിൽപ്പെട്ടോയെന്ന ആധി ഉള്ളിൽ വളർന്നു. രക്ഷപ്പെടാനായി നോക്കിയപ്പോൾ ചുറ്റും വെള്ളം നിറഞ്ഞുകഴിഞ്ഞു. ഇനി പോകാൻ കഴിയുമെന്നു തോന്നുന്നില്ല. അനിൽ വീടിന്റെ ടെറസിലേക്കു കയറി. പുറംലോകവുമായി ബന്ധമില്ലാതെ നെഞ്ചിൽ വിങ്ങലും കണ്ണീരുമായി മൂന്നു ദിവസം.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ദ്രുതകർമസേനയുടെ ഒരു സംഘം കറങ്ങിയെത്തി. അവർ അനിലിനെ രക്ഷിച്ചു ആലപ്പുഴ ജെട്ടിയിലെത്തിച്ചു. അവിടെ എത്തിയപ്പോൾ ഒരു വോളണ്ടിയറോട് അപ്പനെ കാണാനില്ലെന്ന വിവരം പറഞ്ഞു. അവർ ചാക്കോയുടെ നന്പർ വാങ്ങി വിളിച്ചു.
ഇതിനിടെ, മകന്റെ വിവരം തേടി മോളിയുടെയും അന്നയുടെയുമൊക്കെ വിളികൾ തെരുതെരെ വന്നിരുന്നു. മകനെക്കുറിച്ചു വിവരമില്ലാതെ ആകെ തകർന്നിരിക്കുകയായിരുന്ന ചാക്കോ ഫോൺ എടുത്തതും ആ മുഖം വിടർന്നു.
മകൻ ആലപ്പുഴ ജെട്ടിയിൽ എത്തിയിരിക്കുന്നു. അതുവരെ ഭക്ഷണം പോലും കഴിക്കാൻ വിസമ്മതിച്ചു ക്യാന്പിൽ കഴിഞ്ഞിരുന്ന ചാക്കോയ്ക്കു ജീവനായി. തുടർന്ന് വാളണ്ടിയേഴ്സ് തന്നെ അനിലിനെ വട്ടയാലിലെ ക്യാന്പിലേക്കു കൊണ്ടുവന്നു, പിന്നെ ഒരുപാടു സ്നേഹത്തോടെ ഒരു കൂടിക്കാഴ്ച. നടുക്കുന്ന ആ ദിനങ്ങൾ മറന്നു കളയാൻ ശ്രമിച്ച് ക്യാന്പിലെ വലിയ കുടുംബത്തിന്റെ സ്നേഹത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ് ഇപ്പോൾ ഈ അപ്പനും മകനും.
ജോബി കണ്ണാടി