കോട്ടയം: ജില്ലയിലെ ഒരു ലക്ഷത്തിലധികം പേരുടെ തിരുവോണം ദുരിതാശ്വാസ ക്യാന്പുകളിൽ. 310 ക്യാന്പുകളിലായി 32,238 കുടുംബങ്ങളിൽ നിന്നായി 1,07,152 ആളുകളാണ് ഇപ്പോഴും ക്യാന്പുകളിൽ കഴിയുന്നത്. അതായത് 42,615 പുരുഷൻമാരും 49,749 പേർ സ്ത്രീകളും 14,117 കുട്ടികളും. ഇവരുടെ ഓണം ദുരിതാശ്വാസ കേന്ദ്രത്തിൽ തന്നെ.
മലയാളി എവിടെയാണെങ്കിലും തിരുവോണ ദിവസം വീട്ടിലെത്തി കുടുംബാംഗങ്ങളോടൊപ്പം ഓണസദ്യ കഴിക്കുന്നതാണ് ഇതുവരെയുള്ള രീതി. എന്നാൽ ഇക്കുറി അതെല്ലാം മാറ്റിമറിച്ചു. എന്നാൽ ചില ദുരിതാശ്വാസ ക്യാന്പുകളിൽ ഓണ സദ്യ നടത്തി ഓണം ആഘോഷിക്കുന്നവരുമുണ്ട്.
ചാലുകുന്ന് സിഎൻഐ എൽപി സ്കൂളിലെ 110 പേരടങ്ങുന്ന ദുരിതാശ്വാസ ക്യാന്പിൽ ഇന്ന് ഓണ സദ്യ നടത്തും. സ്കൂൾ ഹെഡ്മാസ്റ്റർ സാം ജോണ്‍ തോമസ്, നഗരസഭ ചെയർപേഴ്സണ്‍ ഡോ.പി.ആർ.സോന, വെസ്റ്റ് സിഐ നിർമൽ ബോസ് തുടങ്ങിയവർ പങ്കെടുക്കും.
എല്ലാവർക്കും ഓണക്കിറ്റ് നല്‍കും
കോട്ടയം: ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന്് വീടുകളിലേക്ക് പോകുന്പോൾ ക്യാന്പ് അന്തേവാസികൾക്ക് നൽകാനായി ജില്ലാ ഭരണകൂടത്തിന്റെ ഓണക്കിറ്റുകൾ തയ്യാറാക്കി വരുന്നതായി ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി പറഞ്ഞു. എല്ലാ ക്യാന്പുകളിലും സുഭിക്ഷമായ ഭക്ഷണ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ധാരാളം സന്നദ്ധ പ്രവർത്തകരുടെ സഹായ സഹകരണങ്ങൾ ഇതിന് കോട്ടയത്തിന് ലഭിച്ചിട്ടുണ്ട്.
എന്നാൽ ക്യാന്പ് അന്തേവാസികൾ വീടുകളിലേക്ക് പോകുന്പോൾ അനുഭവിക്കാൻ ഇടയുള്ള സാഹചര്യം കണക്കിലെടുത്താണ് ഓണക്കിറ്റ് നല്‍കുന്നത്. ഓരോ കുടുംബത്തിനും ഒരാഴ്ച കഴിയാനുള്ള അരിയും മറ്റ് സാധനങ്ങളും നൽകാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. 100 ലേറെ വാളണ്ടിയർമാരാണ് കിറ്റുകൾ തയ്യാറാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നത്.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പ്രേമലതയുടെ നേതൃത്വത്തിലാണ് ഗോഡൗണിന്റെ പ്രവർത്തനം നടക്കുന്നത്. ലഭിക്കുന്ന സാധനങ്ങൾ ക്ലാസ് മുറികളിൽ ശേഖരിച്ച് സ്റ്റോക്ക് എഴുതി സൂക്ഷിക്കും. ഓരോ ക്ലാസിലും ഉള്ള സാധനങ്ങളുടെ സ്റ്റോക്ക് വിവരം ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കയറ്റി ഇറക്ക് ഉൾപ്പെടെയുള്ള ഗോഡൗണിലെ ജോലികളിൽ റവന്യു വകുപ്പു ജീവനക്കാരും സന്നദ്ധ സംഘടനാപ്രവർത്തകരും വിരമിച്ച ജീവനക്കാരും എൻഎസ്എസ്, എസ്പിസി, എൻസിസി തുടങ്ങിയവരും മറ്റ് വിദ്യാർഥികളും പങ്കാളികളാകുന്നുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇതിന്റെ അക്കൗണ്ട്സ്, സ്റ്റോക്ക് തുടങ്ങിയ രജിസ്റ്ററുകൾ തയ്യാറാക്കാൻ സന്നദ്ധ സേവനം നൽകുന്നുണ്ട്. സ്റ്റോക്ക്് വിതരണത്തിന്റെ ചുമതലയ്ക്ക് തിരുവനന്തപുരത്തു നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരെ ലെയ്സണ്‍ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്.
ഗോഡൗണ്‍ തുടങ്ങിയതു മുതൽ നാല് മണിക്കൂർ ഇടവിട്ട് ദിവസം ജില്ലാ കളക്ടർ ഗോഡൗണിൽ പരിശോധന നടത്തുണ്ട്. സഹായമായി ലഭിച്ച സാധനങ്ങൾ ക്യാന്പുകളിൽ നൽകുന്നില്ല എന്ന് ഒരു ഓണ്‍ലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തത് വസ്തുതകൾ അന്വേഷിക്കാതെയാണന്ന് ജില്ലാ കളക്ടർ അറിയിച്ചു.