തളിപ്പറമ്പ്: സ്ത്രീകളെ വലയിലാക്കി വീഡിയോയും ഫോട്ടോകളും ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി കോടികളാവശ്യപ്പെട്ട ആറംഗസംഘം തളിപ്പറമ്പില്‍ അറസ്റ്റിലായി. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണു പ്രതികള്‍ വലയിലായത്.
കഴിഞ്ഞ ദിവസം സ്കൂട്ടര്‍ മോഷണക്കേസില്‍ അറസ്റ്റിലായ കുറുമാത്തൂരിലെ റുവൈസിനെയും ഇന്നലെ അറസ്റ്റിലായ കൂട്ടുപ്രതി ചുഴലിയിലെ ഇര്‍ഷാദിനേയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുമായി ബന്ധപ്പെട്ട മറ്റു പ്രതികള്‍ കൂടി പോലീസ് വലയിലായത്.
ചപ്പാരപ്പടവ് കൂവേരിയിലെ അബ്ദുള്‍ ജലീലിനു കാസര്‍ഗോഡ് സ്വദേശിനിയായ സ്ത്രീയുമായി ലൈംഗീക ബന്ധത്തിനു ചെമ്പന്തൊട്ടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ സൗകര്യം ഏര്‍പ്പാടാക്കി നല്കിയ പ്രതികള്‍ അതു വീഡിയോയില്‍ രഹസ്യമായി ചിത്രീകരിച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടു ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ അബ്ദുള്‍ ജലീല്‍ ഇന്നലെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്നലെ മോഷണമുതലായ സ്കൂട്ടര്‍ വാങ്ങി നമ്പര്‍ പ്ലേറ്റ് മാറ്റി ഓടിച്ച സംഭവത്തില്‍ അറസ്റ്റിലായ ചുഴലിയിലെ കെ.പി.ഇര്‍ഷാദ് (20), ബൈക്ക് മോഷ്ടിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കുറുമാത്തൂര്‍ ചൊര്‍ക്കളയിലെ റുബൈസ് (22), പട്ടുവം അരിയിലെ കെ.പി.അന്‍സാര്‍ (26), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ മുസ്തഫ(45), ബക്കളം മോറാഴയിലെ റംസീനാസില് എം.പി.റംഷീദ് (25), ചെങ്ങളായി നിടിയേങ്ങ നെല്ലിക്കുന്നിലെ പി.എസ്.അമല്‍ദേവ് (21) എന്നിവരെയാണ് ഇന്ത്യന്‍ ശിക്ഷാനിയമം 384,420,506 റെഡ് വിത്ത് 34 1 ഐപിസി ഐടി നിയമം സെക്ഷന്‍ 67 എന്നിവ പ്രകാരം അറസ്റ്റ് ചെയ്തത്.
ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.ജെ.വിനോയി, പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന്, അഡീഷണൽ എസ് ഐ കെ.കെ.പ്രശോഭ്, എഎസ്ഐ ജോസ്, സീനിയര്‍ സിപിഒ അബ്ദുള്‍റൗഫ്, സിപിഒ ജാബിര്‍ എന്നിവരാണു പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളിലെ നിരവധി മോഷണ കേസില്‍ പ്രതിയായ കുറുമാത്തൂര്‍ റഹ് മത്ത് വില്ലയിലെ കൊടിയില്‍ റുവൈസാണു ബ്ലാക്ക്മെയിലിംഗ് ബുദ്ധികേന്ദ്രമെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മൂന്നിന് ഏഴാംമൈല്‍ റിഫായി പള്ളിയില്‍ നിസ്കാരത്തിനെത്തിയ ഏഴാംമൈല്‍ ചെറുകുന്നോന്‍ വീട്ടില്‍ ഷബീറിന്റെ ഹോണ്ട ആക്ടീവ സ്കൂട്ടര്‍ കവര്‍ച്ച ചെയ്ത കേസില്‍ നാലുമാസത്തെ അന്വേഷണത്തിനൊടുവിലാണു റൂവൈസ് കുടുങ്ങിയത്.
റുവൈസില്‍ നിന്നു സ്കൂട്ടര്‍ വാങ്ങി നമ്പര്‍ പ്ലേറ്റ് മാറ്റി ഓടിച്ച കേസിലാണ് ഇര്‍ഷാദിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇര്‍ഷാദിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ബ്ലാക്ക് മെയിലിംഗ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ പുറത്തായത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.