നെന്മാറ: നെല്ലിയാന്പതിയിലെ ദുരിതാശ്വാസ ക്യാന്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. പോത്തുണ്ടി നെല്ലിച്ചോട് പൂക്കോട്ട് വീട്ടിൽ ദിനേഷിനെയാണ്(29) നെന്മാറ പോലീസ് അറസ്റ്റു ചെയ്തത്.
ഉരുൾപൊട്ടി ഗതാഗതം മുടങ്ങിയ നെല്ലിയാന്പതിയിലേക്കുള്ള ഭക്ഷ്യധാന്യങ്ങളും, അവശ്യ സാധനങ്ങളും കടത്തുന്ന ലോറി ഡ്രൈവറാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഒൻപതുമണിക്കാണ് സംഭവം. നെല്ലിയാന്പതിയിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന അകംപാടം സ്വകാര്യസ്കൂളിലെ സംഭരണ കേന്ദ്രത്തിൽ നിന്നും കൊണ്ടുപോയ ലോറിയിൽ നിന്നാണ് സാധനങ്ങൾ കാണാതായത്.
25 കിലോഗ്രാം തൂക്കം വരുന്ന 150 ബാഗുകളാണ് ലോറിയിലുണ്ടായിരുന്നു. റവന്യൂ ജീവനക്കാരുടെ സമ്മതമില്ലാതെ ലോറി പോയി തിരിച്ചുവന്നു. ഇതിൽ സംശയം തോന്നി ലോറി പരിശോധിച്ചപ്പോൾ 44 ബാഗുകളുടെ കുറവു കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് ഡ്രൈവറെ പിടികൂടിയത്.
പരിശോധനയിൽ ചാത്തമംഗലം, കൊല്ലയൻകാട്, വിത്തനശ്ശേരി ഭാഗത്തുള്ള പ്രതിയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ചില വീടുകളിൽ ഭക്ഷധാന്യങ്ങൾ ഇറക്കിയതായി പോലീസ് കണ്ടെത്തി. ഭക്ഷ്യധാന്യങ്ങൾ റവന്യൂ വകുപ്പിന് വിട്ടുകൊടുത്ത് ലോറി കസ്റ്റഡിയിലെടുത്തു. ദിനേഷിനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.