ആലക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻതുക പൂർണമായും നൽകി അധ്യാപക ദന്പതികൾ. കാർത്തികപുരം സ്വദേശി പുത്തൻപുരയ്ക്കൽ സി.എച്ച്. കാസിം, ഭാര്യ എൽ. തങ്കമണി എന്നിവരാണ് ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയും ഉത്സവബത്തയും പൂർണമായി നൽകി മാതൃകയായത്.
പ്രളയബാധിതരെ സഹായിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വിരമിച്ച അധ്യാപകദന്പതികൾ നൽകിയത് 50350 രൂപയാണ്. കേരളത്തിൽ സംഭവിച്ചത് ഭീകരമായ ദുരന്തമാണെന്നും വിഷമം അനുഭവിക്കുന്ന സഹോദരങ്ങൾക്കൊപ്പം നിൽക്കുന്ന സമയമാണ് ഇതെന്നും കാസിം പറഞ്ഞു.
ഒറ്റത്തൈ ഗവ. യുപി സ്കൂളിൽനിന്നാണ് കാസിം വിരമിച്ചത്. കാർത്തികപുരം ഗവ. ഹൈസ്കൂളിൽനിന്നാണ് അധ്യാപികയായ തങ്കമണി പിരിഞ്ഞത്. മലയോര മേഖലയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിധ്യമാണ് കാസിം.
പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിലെ കരിഞ്ചന്തയ്ക്കെതിരേ ഒറ്റയാൾ പോരാട്ടം നടത്തുകയും സമൂഹമധ്യത്തിൽ തുറന്നുകാണിക്കുകയും ചെയ്ത കാസിം മാഷിന്റെ വാർത്ത ദീപിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പെൻഷൻ തുക ആലക്കോട് ട്രഷറി ഓഫീസർ കെ.എ. ബാബുവിന് ഇരുവരും ചേർന്നു കൈമാറി.