കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നാണ് സഹായം ഒഴുകി കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കായി പിതാവ് കരുതി വച്ചിരിക്കുന്ന ഒരേക്കര്‍ സ്ഥലം നല്‍കിയ കുട്ടികളും ഹജ്ജിന് പോകാന്‍ വച്ചിരുന്ന പണം സംഭാവനയായി നല്‍കിയ സുമനസ്സുകളുണ്ട്. തന്റെ ഹൃദയശസ്ത്രക്രിയയ്ക്കായി കരുതി വച്ചിരുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ തമിഴ്‌നാട്ടുകാരിയായ പെണ്‍കുട്ടിയും അക്കൂട്ടത്തിലുണ്ടായിരുന്നു.
എന്നാല്‍ അപരന് കൊടുക്കുമ്പോള്‍ ദൈവം തരും എന്നത് ഈ പെണ്‍കുട്ടിയുടെ കാര്യത്തിലും സത്യമായിരിക്കുന്നു. അവളുടെ ആ മനസിന് പ്രത്യുപകാരവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം നന്മനസുകള്‍. തങ്ങള്‍ക്ക് നല്‍കിയ സഹായത്തിന് കേരളം അവള്‍ക്ക് തിരിച്ചൊരു സമ്മാനം നല്‍കി.
പെണ്‍കുട്ടിക്ക് സൗജന്യ ശസ്ത്രക്രിയ ചെയ്തു നല്‍കുമെന്ന് ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി അറിയിച്ചു. തമിഴ്‌നാട്ടിലെ കാരൂര്‍ ജില്ലയിലെ കൊമാരപാളയം സ്വദേശിയാണ് അക്ഷയ. ഹൃദയശസ്ത്രക്രിയക്കായി കരുതിവെച്ചിരുന്ന തുകയുടെ ഒരു ഭാഗമാണീ പതിനൊന്നുകാരി പ്രളയക്കെടുതിയിലായ അയല്‍സംസ്ഥാനത്തിനായി നീക്കിവെച്ചത്.
ഒരുവിധത്തിലാണ് ശസ്ത്രക്രിയക്കുള്ള പണം തരപ്പെടുത്തിയതെന്ന് നിര്‍ധനകുടുംബാംഗമായ അക്ഷയയുടെ അമ്മ ജോതിമണി പറയുന്നു. സഹായിക്കണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം നിരുത്സാഹപ്പെടുത്തി. എന്നാല്‍ ചെറുതെങ്കിലും പറ്റുന്ന രീതിയില്‍ സഹായിക്കണമെന്ന മകളുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ അമ്മക്ക് വഴങ്ങേണ്ടി വന്നു.
സുഹൃത്തുക്കള്‍ വഴിയും ഫേസ്ബുക്കിലൂടെയും മറ്റും ഇവര്‍ സമ്പാദിച്ചത് മൂന്നരലക്ഷം രൂപയാണ്. അക്ഷയയുടെ പിതാവ് ആറുവര്‍ഷം മുന്‍പ് മരിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ അക്ഷയയുടെ ആദ്യ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. രണ്ടാം ശസ്ത്രക്രിയയാണ് ഇനി നടക്കേണ്ടത്. അക്ഷയയുടെ നല്ല മനസ്സ് തിരിച്ചറിഞ്ഞ ശ്രീചിത്തിര ആശുപത്രി അധികൃതരാണ് സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു.