പ്രകൃതി നൽകിയ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും കേരളം പൂർണമായും കരകയറിയിട്ടില്ല. എങ്കിൽ പോലും സമൂഹത്തിന്റെ നാനാഭാഗത്തു നിന്നും കേരളത്തിനെ തേടി സഹായം എത്തുന്നുമുണ്ട്.
ഇപ്പോഴിതാ കേരളത്തിനു വേണ്ടി ഒന്നും ചെയ്യുവാൻ സാധിക്കില്ലെന്നു വിഷമിച്ച ആരാധകന് ഒരു കോടി രൂപ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് നൽകി. സുബ്രഹ്മണ്യൻ എന്ന യുവാവാണ് തന്റെ വിഷമം സുശാന്തിനെ ട്വീറ്റ് ചെയ്ത് അറിയിച്ചത്.
ട്വീറ്റ് കണ്ട സുശാന്ത് കുറിച്ചു, നിങ്ങളുടെ പേരിൽ ഒരു കോടി രൂപ ഞാൻ സംഭാവന നൽകും. ഈ തുക ദുരിതാശ്വാസ ഫണ്ടിൽ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം നിങ്ങൾ എന്നെ അറിയിക്കണം. തുടർന്ന് ആരാധകന്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു.
അൽപ്പ സമയത്തിനു ശേഷം സുബ്രഹ്മണ്യൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കൈമാറിയതിന്റെ വിവരങ്ങൾ സ്ക്രീൻ ഷോട്ട് എടുത്ത് സുശാന്തിനു നൽകുകയും ചെയ്തു. ആരാധകന്റെ ആഗ്രഹം സഫലമാക്കുകയും ദുരിതാശ്വാസത്തിന് പണം നൽകുകയും ചെയ്ത സുശാന്തിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.