കരുനാഗപ്പള്ളി: പ്രളയ ദുരന്തത്തിൽ പെട്ടവരെ സഹായിച്ച മത്സ്യത്തൊഴിലാളിയെ ഒരു സംഘം ആളുകൾ കരുനാഗപ്പള്ളിയിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. ആലപ്പാട്ട് പഞ്ചായത്തിലെ കാക്കതുരുത്ത് മണിമന്തിരത്തിൽ ചിന്തു പ്രദീപി (27)നാണ് വെട്ടേറ്റത്.
ആക്രമണത്തിൽ വലതു കൈയിലെ നടുവിരൽ അറ്റുപോയി. ഇടതുകൈയിലെ കൈപ്പത്തിക്കു താഴെ വെട്ടേറ്റ് ഒരു രക്തക്കുഴൽ മുറിഞ്ഞു പോയ അവസ്ഥയിലാണ്. ഇതു കൂടാതെ മൂന്നു ഞരന്പുകളും മുറിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ തിരുവോണ ദിവസം സംഘടിപ്പിച്ച മത്സ്യതൊഴിലാളികളുടെ സ്വീകരണ യോഗത്തിൽ പങ്കെടുത്ത് മടങ്ങവെ, രാത്രി ഒന്പതോടെയാണ് ചിന്തു ആക്രമണത്തിന് ഇരയായത്.
കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും വണ്ടാനം മെഡിക്കൽ കോളജിലും പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സക്കായി എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു ശസ്ത്രക്രിയകൾ വേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.