മഞ്ഞും മഴയും വെയിലും സഹിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷയുറപ്പാക്കി നിയമ സംരക്ഷണം നടത്തുന്നവരാണ് പോലീസ്. കഴിഞ്ഞ ദിവസങ്ങളിൽ കേരളം നേരിട്ട പ്രളയക്കെടുതിയിലും ഈ സേവനം നാം കണ്ടു.
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കേരള പോലീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ സംഭാവന നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഈ വാർത്തയ്ക്കു പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളുമിറങ്ങി.
ദുരിതാശ്വാസ നിധിയിലേക്ക് പോലീസ് പത്ത് കോടി രൂപ കൊടുക്കുന്നതിനാൽ ഹെൽമറ്റും സീറ്റ് ബെൽറ്റും ഇടുകയും രേഖകൾ കരുതുകയും വേണമെന്നും കാരണം പോലീസിന് സ്വന്തമായി നോട്ട് അടിക്കുന്ന പ്രസ് ഇല്ല എന്നുമാണ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ്.
ഇത്തരത്തിൽ, പോലീസ് സേനയെ മുഴുവൻ അവഹേളിക്കുന്ന വിധത്തിൽ സോഷ്യൽമീഡിയയിൽ പരിഹാസ സ്വരമുയർത്തിയ വ്യക്തിക്ക് ഒരു പോലീസുദ്യോഗസ്ഥൻ നൽകിയ മറുപടിയാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്.
പോലീസ് ഉദ്യോഗസ്ഥൻ നൽകിയ മറുപടിയുടെ പൂർണരൂപം
പോലീസുകാർ 10 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് നാട്ടുകാരുടെ കയ്യിൽ നിന്ന് പിടിച്ച് പറിച്ചിട്ടാണ് എന്ന് പോസ്റ്റിയ സഹോദരൻ അറിയാൻ, രണ്ട് ദിവസത്തെ ശന്പളവും അതു കൂടാതെ 2750 രൂപ ഉത്സവബത്തയും അടക്കം ഏകദേശം 5000 രൂപയ്ക്ക് മുകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത കേരള പോലീസിന് ഞങ്ങൾ സേനയിലെ 55000 പേർ 1818/ രൂപ വീതം കൂടി എടുത്താൽ പോലും ഈ പറഞ്ഞ 10 കോടി നിഷ്പ്രയാസം സമാഹരിക്കാൻ പറ്റും.
അത് ഞങ്ങൾ കൊടുക്കുന്നത് നിങ്ങൾ ഓണ അവധിക്ക് വീട്ടിലിരുന്ന് ഞങ്ങൾക്ക് എതിരേ എഴുതുന്ന ഈ സമയത്തും അവധിയില്ലാതെ സൂര്യൻ ഉദിക്കുന്നതു മുതൽ താങ്കളും കുടുംബവും ആഘോഷമൊക്കെ കഴിഞ്ഞ് പിരിഞ്ഞ് പോകുന്ന പാതിരാ വരെ റോഡിലും വെയിലത്തും മഴയത്തും മഞ്ഞത്തും നിന്ന് വിയർപ്പൊഴുക്കുന്നതിന്റെ ഒരു പങ്കാണെന്ന് തലയുയർത്തി നിന്ന് പറയാൻ കഴിയും.
താങ്കൾ ഹെൽമറ്റ് ധരിച്ചാൽ ഒരു പക്ഷേ ഒരു വലിയ ഉറക്കത്തിൽ നിന്ന് താങ്കളും തീരാനഷ്ടത്തിൽ നിന്ന് താങ്കളുടെ കുടുംബവും രക്ഷപ്പെട്ടേക്കാം
പിൻകുറിപ്പ് :- ഒരോ ദിവസവും പോലീസ് ഈടാക്കുന്ന പെറ്റികേസുകൾക്ക് രസീത് നൽകുകയും ഫൈൻ പിറ്റേദിവസം തന്നെ ട്രഷറിയിൽ അടയ്ക്കുകയാണ് അല്ലാതെ പോലീസുകാർ വീതം വച്ച് വീട്ടിൽ കൊണ്ടു പോകുകയല്ല. എന്ന കാര്യം കൂടി മനസ്സിലാക്കുക.. ആധികാരികമായി അതിനെ കുറിച്ച് അറിയണമെങ്കിൽ വിവരാവകാശപ്രകാരം ഒരു അപേക്ഷ വച്ചാൽ ലഭിക്കുന്നതായിരിക്കും..
താങ്കൾക്കോ താങ്കളുടെ പരിചയത്തിലോ ആർക്കെങ്കിലും പ്രളയത്തിൽ അകപ്പെട്ട വീട് വൃത്തിയാക്കാനുണ്ടെങ്കിൽ അറിയിച്ചാൽ പ്രതിഫലം വാങ്ങാതെ അതും പോലീസ് വന്ന് ചെയ്തു തരും.