നവാസ് മേത്തർ
തലശേരി: ജയിൽ വളപ്പിൽ തൂങ്ങിമരിച്ച പിണറായി കൂട്ടക്കൊലപാതക കേസുകളിൽ പ്രതി സൗമ്യയുടെ ഡയറി കുറിപ്പുകൾ നിർണായകമാകുന്നു. വനിതാ ജയിലിൽ റിമാന്റിൽ കഴിഞ്ഞിരുന്ന സൗമ്യയെ കഴിഞ്ഞ ദിവസമാണ് ജയിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജയിൽവാസത്തിനിടയിൽ നോട്ടു ബുക്കുകളിൽ സൗമ്യ എഴുതിയ ഡയറി കുറിപ്പുകൾ കേസിന്റെ തുടരന്വേഷത്തിൽ നിർണായകമാകുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. കവിതകളും കേസിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന വിവരങ്ങളും ഡയറിയിലുള്ളതായും സൂചനയുണ്ട്. സൗമ്യയുടെ ആത്മഹത്യാ കുറിപ്പും പോലീസ് പ്രത്യേകം പരിശോധിക്കും. കണ്ണൂർ ടൗണ് പോലീസിന്റെ കസ്റ്റഡിയിലുള്ള സൗമ്യയുടെ ഡയറി കുറിപ്പുകൾ അടുത്ത ദിവസം തന്നെ അന്വേഷണ സംഘം പരിശോധിക്കും.
മാതാപിതാക്കളായ പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ(76), ഭാര്യ കമല (65) എന്നിവരേയും മകളായ എട്ടു വയസുകാരി ഐശ്വര്യയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി വണ്ണത്താൻ വീട്ടിൽ സൗമ്യയുടെ മരണത്തോടെ നിരവധി ചോദ്യങ്ങൾക്കാണ് സമൂഹം ഉത്തരം തേടുന്നത്.
മരണത്തിൽ ജയിൽ ജീവനക്കാർക്ക് പങ്കില്ലെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണെന്നും താനല്ല മാതാപിതാക്കളേും മക്കളേയും കൊന്നതെന്നും ആത്മഹത്യ കുറിപ്പിൽ സൗമ്യ പറയുന്നുണ്ട്. കൊലപാതകങ്ങളിൽ തനിക്ക് പങ്കില്ലെന്നും എന്നെങ്കിലും സത്യം പുറത്തുവരുമെന്നും സൗമ്യ സഹതടവുകാരോട് പല തവണ പറഞ്ഞിരുന്നു.
മൂന്ന് കൊലപാതകങ്ങളും സൗമ്യ തനിച്ചാണ് ചെയ്തതെന്ന് നാട്ടുകാരിൽ ഭൂരിഭാഗവും വിശ്വസിക്കുന്നില്ല. നാട്ടുകാരുടെ സംശയങ്ങൾക്ക് ഉത്തരം തേടി നിരവധി പേരെ എഎസ്പി ചൈത്ര തെരേസ ജോണ്, സിഐ കെ.ഇ പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തെങ്കിലും ഉത്തരം ലഭിച്ചില്ല.
പതിനാറുകാരൻ മുതൽ അറുപതുകാരൻ വരെയായിട്ട് ബന്ധമുള്ള സൗമ്യക്ക് കൊലപാതകത്തിന് ഇവരിൽ നിന്ന് ആങ്കെിലും സഹായം ചെയ്തിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചിരുന്നു. മൂന്ന് കൊലപാതക കേസുകളിലും ദൃക്സാക്ഷികളില്ലായെന്ന പ്രത്യേകതയും ഈ കേസുകളിലുണ്ട്.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പ്രതിയുടെ അറസ്റ്റ് നടന്നിട്ടുള്ളത്. ഈ കേസിൽ കൂടുതൽ സമഗ്രമായ അന്വാഷണം വേണമെന്ന് നാട്ടുകാർ മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ നിവേദനങ്ങൾക്ക് മറുപടിയെത്തും മുന്പ് സൗമ്യ ജീവനൊടുക്കുകയായിരുന്നു.
സമാനതകളില്ലാത്ത ക്രൂര കൃത്യത്തിലൂടെ പിണറായി എന്ന കൊച്ചു ഗ്രാമത്തേയും ഒപ്പം കേരളത്തേയും ഞെട്ടിച്ച ഇരുപത്തിയേഴുകാരിയായ സൗമ്യയുടെ മരണം നവ മാധ്യമങ്ങൾ ആഘോഷിക്കുയാണ്. ’വാർത്ത സത്യമാണെങ്കിൽ ഏറെ സന്തോഷിക്കുന്നു’ എന്നായിരുന്നു നവമാധ്യത്തിലൂടെ സൗമ്യയുടെ മരണമറിഞ്ഞ ഒരു യുവാവിന്റെ പ്രതികരണം.
ഇത്തരത്തിൽ സന്തോഷം പങ്കുവെച്ച് കൊണ്ടുള്ള ഒട്ടേറെ പ്രതികരണങ്ങളും ഒപ്പം സംഭവത്തിലെ ദുരൂഹതകൾക്ക് വിരാമമിടാതെയാണ് സൗമ്യ യാത്ര പറഞ്ഞിട്ടുള്ളതെന്ന കമന്റും നവ മാധ്യമങ്ങളിലുണ്ട്.
മറ്റ് പ്രതികളില്ലാത്ത സാഹചര്യത്തിൽ സൗമ്യയുടെ മരണത്തോടെ മൂന്ന് കൊലക്കേസുകളിലേയും നടപടികൾ ഉടൻ അവസാനിക്കും. അടുത്ത തവണ കോടതി കേസ് പരിഗണിക്കുന്പോൾ സൗമ്യയുടെ മരണ സർട്ടിഫിക്കറ്റ് ജയിലധികൃതർ കോടതിയിൽ ഹാജരാക്കും.
ഇതോടെ കേസ് അവസാനിപ്പിക്കുമെന്ന് നിയമവൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഈ സംഭവങ്ങളിൽ മറ്റാർക്കെങ്കിലും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ഏതെങ്കിലും തരത്തിലുള്ള കൂടുതൽ തെളിവുകൾ ലഭിച്ചാൽ അന്വേഷണം തുടരുന്നതിൽ തടസമില്ലെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.